ചെന്നൈ: ഭാര്യ താലി അഴിച്ചുമാറ്റുന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് മദ്രാസ് ഹൈക്കോടതി. താലി വിവാഹ ഉടമ്പടിയിലെ പ്രധാന കണ്ണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
താലി നീക്കം ചെയ്യുന്നത് ഭർത്താവിന് നൽകുന്ന അങ്ങേയറ്റത്തെ മാനസിക പീഡനമാണെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹ മോചന ഹർജിയിൽ വാദിയായ ഭർത്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചുകൊണ്ടാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. ജഡ്ജിമാരായ വി എം വേലുമണി, എസ് സൗന്തർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈറോഡിൽ മെഡിക്കൽ കോളേജിൽ പ്രൊഫസർ ആയ സി ശിവകുമാരിനെതിരെ ഭര്യ നൽകിയ വിവാഹമോചന ഹർജിയിലാണ് കോടതി ഭർത്താവിന് അനുകൂലമായി വിധി പ്രസ്തവിച്ചത്.
താലികെട്ടുന്നത് വിവാഹത്തിലെ ഏറ്റവും സുപ്രധാനമായ ചടങ്ങാണ്. താലി അഴിച്ചുവെച്ച് ബാങ്ക്‌ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ് ഭാര്യയെന്ന് പരാതിക്കാരനായ ഭർത്താവ് കോടതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം വിവാഹമോചനത്തിന് പര്യാപ്തമായ കാരണം തന്നെയാണെന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. താലി അഴിച്ചതായി ഭാര്യയായ ഹർജിക്കാരി കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. താലി അണിയുന്നത് പവിത്രമായി കരുതുന്നതാണ് രാജ്യത്തിന്റെ സംസ്‌ക്കാരമെന്നും ഭർത്താവിന്റെ മരണംവരെ താലി ധരിക്കണമെന്നുമാണ് വിവാഹ ഉടമ്പടിയെന്നും കോടതി ചൂണ്ടിക്കാട്ടി. താലി അഴിച്ചുമാറ്റുന്നത് വിവാഹ ബന്ധം അവസാനിപ്പിച്ചതായി കണക്കാക്കാൻ പര്യാപ്തമായ കാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.