ഐഎസ്ആര്‍ഒ ചാരക്കേസ്: കേരളത്തിന്റെ മുന്‍ ഡിജിപി സിബിമാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

Advertisement

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കേരളത്തിന്റെ മുന്‍ പൊലീസ് മേധാവി സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. സിബിമാത്യൂസിനെ അറസ്റ്റ് ചെയ്യുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി നല്‍കിയിരിക്കുന്ന സമയ പരിധി ഒക്ടോബര്‍ 24ന് അവസാനിക്കും. സിബിഐയുടെ നടപടിയി്ല്‍ സുപ്രീം കോടതി ആരോപണ വിധേയരായ നാല് പൊലീസുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 1994ല്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെതിരെ കെട്ടിച്ചമച്ച കേസിലാണ് നടപടി.

നമ്പി നാരായണനെ അനധികൃതമായി അറസ്റ്റ് ചെയ്തതിനും കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനുമുള്ള നഷ്ടപരിഹാരമായി 2018ല്‍ അദ്ദേഹത്തിന് അന്‍പത് ലക്ഷം രൂപ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി കെ ജെയ്‌ന്റെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. 2021 ഏപ്രിലില്‍ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സിബി മാത്യൂസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിബിഐ കൂടുതല്‍ അന്വേഷണം നടത്തുന്നത്.

മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, പി എസ് ജയപ്രകാശ്, എന്നീ ഐബി ഉദ്യോഗസ്ഥര്‍ക്കും കേരള പൊലീസിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥരായ എസ് വിജയനും തമ്പി എസ് ദുര്‍ഗയ്ക്കുമെതിരെ ജെയ്ന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. ഈ കേസുകളും സിബിഐ അന്വേഷിക്കുന്നുണ്ട്.

Advertisement