ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദമ്പതിമാരില്‍ നിന്ന് കണ്ടെത്തിയ 45 തോക്കുകളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ തോക്ക് തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ ചില നവീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. എങ്കിലും ആളുകളെ വെടിവയ്ക്കാന്‍ ഇവ ഉപയോഗിക്കാനാകുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജഗജിത് സിങ്(41), ജസ്വീന്തര്‍ കൗര്‍(31) എന്നീ ദമ്പതിമാരാണ് തോക്കുകളുമായി പിടിയിലായത്. വിയറ്റ്‌നാമിലെ ഹോച്ചിമിന്‍ നഗരത്തില്‍ നിന്ന് തിരികെ എത്തിയപ്പോളാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.
പിന്നീടാണ് ഇവരില്‍ നിന്ന് ഒരു ബാഗ് കണ്ടെത്തിയത്. ഇത് ജഗജിത്തിന്റെ സഹോദരന്‍ മാന്‍ജിത് സിങ് ഇയാള്‍ക്ക് നല്‍കിയതാണ്. ഇയാളാണ് കേസിലെ മൂന്നാം പ്രതി. 22.5 ലക്ഷം രൂപ വിലയുള്ള 45 കൈത്തോക്കുകളാണ് ഈ ബാഗില്‍ നിന്ന് ലഭിച്ചത്. മന്‍ജിത് പാരിസീല്‍ നിന്ന് വിമാനത്താവളത്തിലെത്തി ബാഗുകള്‍ ഇവര്‍ക്ക് കൈമാറുകയായിരുന്നു.
തോക്കിന്റെ കുഴല്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ വീണ്ടും അഴിച്ച് ശരിയായവ ഘടിപ്പിക്കാനാകും. ഇവയുടെ ലോഹം അധികം ഗുണമേന്‍മ ഉള്ളതല്ലെന്നും അധികൃതര്‍ പറഞ്ഞു.
ഇവ സാധാരണയായി ഇന്ത്യയില്‍ ഉപയോഗിക്കുന്നതാണ്. അറസ്റ്റിലായ ദമ്പതിമാര്‍ ഗുഡ്ഗാവിലെ ഡിഫന്‍സ് കോളനിയില്‍ താമസിക്കുന്നവരാണ്. അഞ്ച് ദിവസം മുമ്പാണ് ഇവര്‍ വിയറ്റ്‌നാമിലേക്ക് പോയത്.
ഇറ്റാലിയന്‍ നിര്‍മ്മിത തോക്കുകളാണ് പിടിച്ചെടുത്തത്. നാലായിരം മുതല്‍ അയ്യായിരം രൂപ വരെ വിലയ്ക്ക് ഇവ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയതാണ്. ഇന്ത്യയില്‍ ഇവ അന്‍പതിനായിരം മുതല്‍ അറുപതിനായിരം രൂപ വില ഈടാക്കി വില്‍ക്കാന്‍ കൊണ്ടുവന്നതാണ്. നേരത്തെ ഇവര്‍ തുര്‍ക്കിയില്‍ നിന്നും സമാനരീതിയില്‍ തോക്ക് കടത്തിയിട്ടുണ്ടന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.