ന്യൂഡല്‍ഹി: തൊട്ടയല്‍ രാജ്യമായ ശ്രീലങ്ക കടുത്ത സാമ്പത്തിക രാഷ്ട്രീയ അരാജകത്വത്തിലൂടെ കടന്ന് പോകുമ്പോള്‍ നമ്മുടെ വിദേശകാര്യമന്ത്രി മൂന്ന് ദിവസമായി കേരളത്തില്‍ തങ്ങുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ രാജ്യത്ത് എങ്ങനെ പുരോഗമിക്കുന്നുവെന്ന് വിലയിരുത്തലാണ് സന്ദര്‍ശനോദ്ദേശ്യമെന്നാണ് ഔദ്യോഗിക ഭാഷ്യം.
എന്നാല്‍ ഇദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് മറ്റ് ചില ലക്ഷ്യങ്ങളുണ്ടെന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവിടെ അദ്ദേഹം ബൂത്ത്തലം മുതലുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. 2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ സന്ദര്‍ശനമെന്ന് വളരെ വ്യക്തം.
ബിജെപി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാന്‍ കണ്ണ് വച്ചിരിക്കുന്ന 144 ദൗത്യത്തില്‍ പെടുന്ന മണ്ഡലമാണ് തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ ശശിതരൂരാണ് ഇവിടുത്തെ നിലവിലെ എംപി. ബിജെപിയുടെ കുമ്മനം രാജശേഖരനെയാണ് അദ്ദേഹം പൊരുതി തോല്‍പ്പിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 99,000 വോട്ട് കൂടുതല്‍ പിടിച്ചായിരുന്നു ഈ വിജയം കഴിഞ്ഞ രണ്ട് തവണയായി തിരുവനന്തപുരത്തെ എംപിയാണ് ശശി തരൂര്‍.
ജയശങ്കറെ പോലെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തോമറും നേരത്തെ ഉത്തര്‍പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തില്‍ ചെലവിട്ടിരുന്നു. ഇപ്പോള്‍ ഈ മണ്ഡലം സമാജ് വാദി പാര്‍ട്ടിയുടെ കയ്യിലാണ്. പഞ്ചാബിലെ അമൃത്സറില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മെഹ്വാള്‍ ആണ് ഈ ദൗത്യവുമായി തമ്പടിച്ചത്. 144 മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ബിജെപി. ഇതിനായി താഴെ തലം മുതല്‍ പ്രവര്‍ത്തിക്കാന്‍ ത്രിതല സമിതിയും ബിജെപി രൂപീകരിച്ച് കഴിഞ്ഞു. 144 സീറ്റുകളെ 40 ക്ലസ്റ്ററുകളായും തിരിച്ചിട്ടുണ്ട്. ഓരോ മുതിര്‍ന്ന നേതാക്കന്‍മാരുടെ മേല്‍നോട്ടത്തിലാണ് ഓരോ ക്ലസ്റ്ററും. ഓരോ മാസവും നേതാക്കള്‍ മൂന്ന് നാല് ദിവസം ഈ മണ്ഡലത്തില്‍ തങ്ങി നേരിട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തും ഇത് 2024 വരെ തുടരും.
ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക എന്നതാണ് തങ്ങളുടെ നയമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നു. വടക്കേന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്തി കഴിഞ്ഞു. ദുര്‍ബലമായ മുപ്പത് ശതമാനം മണ്ഡലങ്ങളെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റിടങ്ങളിലെ തോല്‍വി മറികടക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വലിയ പ്രതീക്ഷകളില്ലെങ്കില്‍ പ്രവര്‍ത്തകരില്‍ എങ്ങനെ ഊര്‍ജ്ജം നിറയ്ക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു.
2014ല്‍ ഇവര്‍ 272+ സീറ്റുകള്‍ എന്ന ദൗത്യവുമായാണ് രംഗത്തിറങ്ങിയത്. 543ല്‍ 282 സീറ്റുകള്‍ നേടി ആ ദൗത്യം പൂര്‍ത്തികരിക്കുകയും ചെയ്തു. 2019ല്‍ മിഷന്‍ 350+ആയിരുന്നു. അവസാനം 303 നേടാനായി.