രാഷ്ട്രപതി തെരഞ്ഞെടുപ്പ്: അരവിന്ദ് കെജരിവാളിന്റെ എഎപി എന്ത് കൊണ്ട് യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്നു?

Advertisement


ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പാര്‍ട്ടിയായ എഎപി പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തങ്ങള്‍ക്ക് ദ്രൗപതി മുര്‍മുവിനോട് ബഹുമാനമുണ്ട്. പക്ഷേ തങ്ങള്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും എന്നാണ് മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേശക സമിതി യോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം.

ബിജെപിയോ കോണ്‍ഗ്രസോ അല്ലാതെ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുള്ള ഒരേ ഒരു കക്ഷിയാണ് എഎപി. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യസഭയില്‍ പത്ത് അംഗങ്ങളും പാര്‍ട്ടിക്കുണ്ട്. ഇതില്‍ മൂന്ന് പേര്‍ ഡല്‍ഹിയില്‍നിന്നുള്ളവരാണ്. പഞ്ചാബില്‍ നിന്നുള്ള 92 പേരും ഡല്‍ഹിയില്‍ നിന്നുള്ള 62 പേരും ഗോവയില്‍ നിന്നുള്ള രണ്ടുപേരുമടക്കം 156 എംഎല്‍എമാരും പാര്‍ട്ടിക്കുണ്ട്. എഎപിയില്‍ നിന്ന് ഇത്രയും പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പി്ല്‍ വോട്ട് രേഖപ്പെടുത്തുക.

ബിജെപിയോടും കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോഡിയോടും അടുത്തിടെ പാര്‍ട്ടി ചില മൃദു സമീപനങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കിലും അരവിന്ദ് കെജരിവാള്‍ ക്യാമ്പ് ഭരണകക്ഷിയോടൊപ്പം നില്‍ക്കേണ്ടെന്ന ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

എഎപി മന്ത്രി സത്യേന്ദര്‍ ജെയിനിനെ രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച നടപടി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന ആരോപണം കെജരിവാള്‍ ഉയര്‍ത്തിയിരുന്നു. ബിജെപിയുടെ അടുത്ത ലക്ഷ്യം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. ഇത് പ്രതിപക്ഷ പാര്‍ട്ടിയംഗത്തെ പിന്തുണയ്ക്കുന്നതിന്റെ ഒരു കാരണമായി വിലയിരുത്തുന്നു.

ഇതിന് പുറമെ കൂടുതല്‍ ഇടങ്ങളിലേക്ക് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം അത്യാവശ്യമാണെന്ന തിരിച്ചറിവും എഎപിക്ക് ഉണ്ട്. എന്‍സിപി നേതാവ് ശരദ് പവാറും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല കൃഷ്ണ ഗാന്ധിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും മത്സരരംഗത്തേക്ക് ഇല്ലെന്ന് വ്യക്താക്കിയതോടെയാണ് പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായി യശ്വന്ത് സിന്‍ഹ രംഗത്ത് എത്തുന്നത്.

ഏതായാലും ദ്രൗപദി മുര്‍മു അനായാസം ജയിച്ച് കയറുമെന്നാണ് വിലയിരുത്തല്‍. 64കാരിയായ മുര്‍മു തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്തെ ആദ്യ പട്ടിക വര്‍ഗ വനിത രാഷ്ട്രപതി എന്ന ചരിത്രത്തിലേക്കാണ് നടന്ന് കയറുക. തിങ്കളാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ മൂന്ന് ദിവസം കഴിഞ്ഞാണ് വോട്ടെണ്ണല്‍ നടക്കുക.

പാര്‍ലമെന്റിലെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.