തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്ര നീക്കം

Advertisement

ന്യൂഡൽഹി: തൊഴിലുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽ നിയമത്തിൽ ഭേദഗതിവരുത്താൻ കേന്ദ്ര നീക്കം. മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്വം എന്നീ വ്യവസ്ഥകൾ തൊഴിലുടമകൾക്ക് അനുകൂലമാകുന്ന രീതിയിൽ പൊളിച്ചെഴുതാനാണ് ആലോചന.

തൊഴിലാളികൾക്ക് മിനിമം വേതനം, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം എന്നിവയ്ക്കുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താനാണ് കേന്ദ്ര നീക്കം. മിനിമം വേതനം നിശ്ചയിക്കണം, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം എന്നത് തൊഴിലാളി സംഘടനകളുടെ ആവശ്യമായിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വൻകിട കമ്പനികളുടെ ആവശ്യം അംഗീകരിച്ചാണ് മിനിമം വേതനം നിശ്ചയിക്കുന്നതിനും സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഉള്ള വ്യവസ്ഥകൾ കേന്ദ്രം പരിഷ്കരിക്കുന്നത്.

ഇതോടെ തൊഴിൽ നിയമത്തിൽ തൊഴിലാളികൾക്ക് ആശ്വസിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടി എടുത്തുകളയുകയാണ് സർക്കാർ. വലിയ എതിർപ്പുകൾ ഉയർന്നിട്ടും അതെല്ലാം തള്ളിയാണ് പാർലമെൻറിൻറെ ഇരുസഭകളിലും തൊഴിൽ നിയമ ബില്ലുകൾ സർക്കാർ പാസാക്കിയത്. അത് നടപ്പാക്കുന്നതിനെതിരെ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും സംയുക്തമായി വലിയ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കാം എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ്. അത് മറികടന്നാണ് ഇപ്പോഴത്തെ നീക്കം. പാർലമെൻറ് സമ്മേളനം ആരംഭിക്കാനിരിക്കെ കേന്ദ്ര സർക്കാർ നടപടി തൊഴിൽ നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ വീണ്ടും സജീവമാക്കും.

Advertisement