ജനിച്ചത് വജ്രക്കരണ്ടിയുമായെന്നും തനിക്ക് ജീവിക്കാൻ കോഴയുടെ ആവശ്യമില്ലെന്നും ലളിത് മോദി

Advertisement


ന്യൂ‍ഡൽഹി: താൻ ജനിച്ചത് വജ്രക്കരണ്ടിയുമായാണെന്നും ജീവിക്കാൻ കോഴവാങ്ങേണ്ട ആവശ്യമില്ലെന്നും ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിന്റെ സ്ഥാപകനും വ്യവസായിയുമായ ലളിത് മോദി. തനിക്കെതിരായി ഉയർന്ന പരിഹാസങ്ങളെയും ആരോപണങ്ങളെയും അദ്ദേഹം തള്ളുകയും ചെയ്തു.

സുസ്മിത സെന്നിന്റെ സമൂഹമാധ്യമത്തിലെ അക്കൗണ്ടിനെ ടാഗ് ചെയ്തത് മാറിപോയതിന് തന്നെ പരിഹസിച്ചതായും മോദി ആരോപിച്ചു. ആളുകൾ തന്നെ ലക്ഷ്യമിടുകയാണെന്നും ഉപദ്രവിക്കുന്നുണ്ടെന്നു ലളിത് മോദി ആരോപിച്ചു.

‘‘തെറ്റായ ടാഗിങ് സംഭവിച്ചതിനൊക്കെ എന്തിനാണ് മാധ്യമങ്ങൾ എന്നെ പരിഹസിക്കുന്നത്. ആർക്കെങ്കിലും വിശദീകരിക്കാമോ? ഞാൻ ഇൻസ്റ്റഗ്രാമിൽ രണ്ടു ചിത്രങ്ങളാണു കൃത്യമായ ടാഗോടെ ഇട്ടത്. നമ്മളിപ്പോഴും മധ്യകാലഘട്ടത്തിലാണു ജീവിക്കുന്നതെന്നു തോന്നുന്നു. അതാണ് രണ്ടു പേർക്കു സുഹൃത്തുക്കളായിരിക്കാനും സമയം നല്ലതാണെങ്കിൽ ചില മായാജാലങ്ങൾ സംഭവിക്കാനും അനുവദിക്കാതിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മാധ്യമങ്ങൾക്കു വിശ്വാസ്യതയില്ല. സ്വയം ജീവിക്കൂ, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കൂ. ശരിയായി വാർത്തകൾ ഏഴുതൂ’’

മുൻ ഭാര്യ മിനാൽ മോദി 12 വർഷം തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും ലളിത് മോദി പ്രതികരിച്ചു. ‘‘ അവർ എന്റെ അമ്മയുടെ സുഹൃത്തല്ല, ചില നിക്ഷിപ്ത താൽപര്യക്കാരാണ് ഇത്തരം ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നത്. നിങ്ങളെക്കാളേറെ ഞാൻ തലയുയർത്തി നിൽക്കുന്നു. പിടികിട്ടാപ്പുള്ളിയെന്നാണു നിങ്ങളെന്നെ വിളിക്കുന്നത്. ഏതു കോടതിയാണ് എന്നെ കുറ്റവാളിയാക്കിയതെന്നു പറയാമോ?. ആരുമില്ല എന്നു ഞാൻ പറയും. ഇന്ത്യയിലെ നഗരങ്ങളിൽ ബിസിനസ് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് എല്ലാവർക്കും അറിയാം.’’

ഐപിഎല്ലിന്റെ കാര്യത്തിൽ തുടക്കത്തിൽ ബിസിസിഐയിലെ ആളുകൾ ഒന്നും ചെയ്തിട്ടില്ലെന്നും ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും നോക്കിയതെന്നും ലളിത് മോദി അവകാശപ്പെട്ടു. ‘‘എന്നെയൊരു പിടികിട്ടാപ്പുള്ളിയെന്നു വിളിക്കുന്നതു ഞാൻ ശ്രദ്ധിക്കുമെന്നു കരുതുന്നുണ്ടോ, ഇല്ല. വജ്രക്കരണ്ടിയുമായി ജനിച്ചയാളാണു ഞാൻ, എനിക്ക് കോഴയിടപാട് നടത്തേണ്ട കാര്യമില്ല. അതു ചെയ്യുകയുമില്ല. ഞാൻ ബിസിസിഐയുടെ ഭാഗമാകുമ്പോൾ 40 കോടിയായിരുന്നു ബാങ്കിലുണ്ടായത്. എന്നാൽ എന്നെ വിലക്കുമ്പോൾ 47,680 കോടിയാണു ബാങ്കിൽ ഉണ്ടായിരുന്നത്. അതും ഒരു കോമാളിയുടേയും സഹായമില്ലാതെ ഉണ്ടാക്കിയതാണ്’’– ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബോളിവുഡ് നടി സുസ്മിത സെന്നുമായി ഡേറ്റിങ്ങിലാണെന്നും വിവാഹം ഒരു ദിവസം ഉണ്ടായേക്കുമെന്നും കഴിഞ്ഞദിവസമാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സ്ഥാപകൻ ലളിത് മോദി ട്വീറ്റ് ചെയ്തത്. മാലദ്വീപിലും സാർഡിനിയയിലും കുടുംബത്തോടൊപ്പം ചെലവഴിച്ച ദിവസങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. ട്വീറ്റിൽ സുസ്മിതയെ ബെറ്റർ ഹാഫ് എന്നാണ് ലളിത് മോദി വിശേഷിപ്പിച്ചത്.

Advertisement