ലക്നോ: ഉത്തര്‍പ്രദേശില്‍ പുതുതായി ഉദ്ഘാടനം നടന്ന ലുലു മാളില്‍ നിസ്‌കാരം നടത്തിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ലുലു മാളില്‍ നമസ്‌കാരം നടത്തിയ സംഭവത്തില്‍ നേരത്തെ അജ്ഞാതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ചൊവ്വാഴ്ച മാളിനുള്ളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന്റെ മാളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ മാളിലെ ജീവനക്കാര്‍ക്ക് പങ്കില്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണത്തില്‍ മാള്‍ അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തല്‍.
എട്ട് പേര്‍ ഒരുമിച്ച് മാളില്‍ കയറുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇവര്‍ കടകളില്‍ കയറുകയോ ഏതെങ്കിലും തരത്തിലുള്ള ഷോപ്പിംഗോ വിനോദങ്ങളിലോ എര്‍പ്പെട്ടിരുന്നില്ലെന്ന് വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ ഇവര്‍ നിസ്‌കരിക്കാന്‍ സൗകര്യപ്രദമായ സ്ഥലം നോക്കി. ആദ്യം മാളിന്റെ ബേസ്മെന്റിലും പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലും നിസ്‌കരിക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നും എട്ടുപേരേയും സുരക്ഷാ ജീവനക്കാര്‍ മാറ്റുകയായിരുന്നു.
പിന്നീട് ഇവര്‍ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയില്‍ എത്തി. അവിടെ ഇവരില്‍ ആറ് പേര്‍ നിസ്‌കരിച്ചുവെന്നും രണ്ട് പേര്‍ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോര്‍ഡ് ചെയ്തുവെന്നും സിസിടിവിയില്‍ വ്യക്തമാവുന്നു. ഇവര്‍ക്ക് നിസ്‌കാരം നടത്തുന്ന രീതികളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
സാധാരണ നിലയില്‍ നിസ്‌കാരത്തിനായി ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ സമയം എടുക്കാറുണ്ട്. എന്നാല്‍, സംഘം 18 സെക്കന്‍ഡില്‍ നിസ്‌കാരം പൂര്‍ത്തിയാക്കി. ഫോട്ടോ എടുത്ത് പൂര്‍ത്തിയായ ശേഷം ഇവര്‍ ഉടന്‍ തന്നെ മാള്‍ വിട്ടുവെന്നും സിസിടിവിയുലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു