കേരളത്തിലെ ആനയൂട്ടിന് കാരണമായത് ഏഷ്യന്‍ ഗെയിംസ്; എങ്ങനെയെന്ന് അറിയേണ്ടേ?

Advertisement

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ആനയൂട്ട് മഹോത്സവം നടന്നത്. അമ്പതില്‍ പരം ആനകളാണ് ഈ ക്ഷേത്രാചാരത്തില്‍ പങ്കെടുത്തത്.

ഭഗവാന്‍ ഗണപതിയെ പ്രസാദിപ്പിക്കാനാണ് ഈ ചടങ്ങ് നടത്തുന്നത്. ആനയൂട്ട് നടത്തുന്നതിലൂടെ വിഘ്‌നങ്ങളെല്ലാം മാറി ഭഗവാന്‍ നമ്മെ പ്രസാദിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ ക്ഷേത്രത്തിലെ ആനയൂട്ടിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ചരിത്രം ഒളിഞ്ഞ് കിടപ്പുണ്ട്.

ഡല്‍ഹിയില്‍ നടന്ന 1982ലെ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ ആനപ്പൂരവും മറ്റ് സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ഇവിടെ നിന്ന് ഇത്രയും അധികം ആനകളെ ഡല്‍ഹിയില്‍ എത്തിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. വെറ്റിനറി സര്‍ജനും ആനചികിത്സാ വിദഗ്ധനുമായ കെ സി പണിക്കര്‍ക്കായിരുന്നു ഇതിന്റെ ചുമതല. ദേവസ്വങ്ങളുടെയും ആന ഉടമകളുടെയും സഹകരണത്തോടെ അദ്ദേഹം ഇത് ഏറ്റെടുക്കുകയായിരുന്നു. ആനകളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് മുന്നോടിയായി ഇതിനുള്ള ഒരു പരിശീലനം തൃശൂരില്‍ നിന്ന് എറണാകുളം വരെ ആനകളെ എത്തിച്ചായിരുന്നു ആ പരീക്ഷണം.

ഈ യാത്രയ്ക്കായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 34 ആനകളെ തയാറാക്കി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുന്നത്തൂര്‍ കോട്ടയില്‍ നിന്നുള്ളവയായിരുന്നു ഇതിലേറെയും. ഇതില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കുട്ടിനാരായണന്‍ എന്ന ആനയും ഉണ്ടായിരുന്നു. ഇവനാണ് പിന്നീട് ഏഷ്യാഡിന്റെ ഭാഗ്യചിഹ്നാമായി മാറിയ അപ്പു. ഇവന് പുറമെ മൂന്ന് വയസുകാരി പുഷ്പ, നാല് വയസുള്ള നിഷ, അഞ്ച് വയസുകാരി സുനിത, ഏഴ് വയസുകാരി രശ്മി എന്നിവരും ഉണ്ടായിരുന്നു.

പൊലീസുകാരും ഉദ്യോഗസ്ഥരും പാപ്പാന്‍മാരും സഹായികളും മൃഗഡോക്ടര്‍മാരും അടക്കം 264 അംഗ സംഘവും ഡല്‍ഹിയിലേക്ക് ഈ ആനകളെ അനുഗമിച്ചു. 28 കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടായിരുന്ന ട്രെയിനില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്കായി 13 എണ്ണം ഓപ്പണ്‍ ആക്കി. എട്ട് കമ്പാര്‍ട്ടുമെന്റുകള്‍ കുട്ടി ആനകള്‍ക്ക് വേണ്ടി ബോക്‌സ് ടൈപ്പും ആക്കി മാറ്റി. നാല് കമ്പാര്‍ട്ടുമെന്റുകളിലായി വെള്ളവും മൂന്ന് എണ്ണത്തില്‍ പനമ്പട്ടയും കരുതി.

നാനാഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ കേരളപ്പിറവി ദിനത്തില്‍ ഈ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ ദൗത്യത്തിന് ഇന്ത്യന്‍ റെയില്‍വേയുടെ പൂര്‍ണ പിന്തുണും ഉണ്ടായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ സംഘത്തിന് വേണ്ട എല്ലാ സഹായവും ഒരുക്കി. ആനകളുടെ സുരക്ഷ പരിഗണിച്ച് വേഗത വളരെ കുറച്ചാണ് ട്രെയിന്‍ സഞ്ചരിച്ചത്. മണിക്കൂറില്‍ പതിനെട്ട് കിലോമീറ്റര്‍ മാത്രമായിരുന്നു ഈ ട്രെയിനിന്റെ വേഗത. ഇതിന് പുറമെ ദൈര്‍ഘ്യവും വെല്ലുവിളികളും കുറഞ്ഞ വഴിയും യാത്രയ്ക്കായി തെരഞ്ഞെടുത്തു. 165 മണിക്കൂര്‍ കൊണ്ട് ് 3,011 കിലോമീറ്റര്‍ താണ്ടി ട്രെയിന്‍ നവംബര്‍ എട്ടിന് ന്യൂഡല്‍ഹിയിലെ തുഗ്ലക്കാബാദ് റെയില്‍വേസ്‌റ്റേഷനില്‍ എത്തി.

വിജയകരമായി ഏഷ്യാഡിന്റെ ഉദ്ഘാടന ചടങ്ങിലെ പരേഡില്‍ പങ്കെടുത്ത ശേഷം ആനകള്‍ തിരിച്ച് പോന്നു. പക്ഷേ ദീര്‍ഘ യാത്ര പല ആനകളെയും ക്ഷീണിതരും അസുഖബാധിതരുമാക്കി മാറ്റി. ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി ഇവയ്ക്ക് ആനയൂട്ട് നടത്തി. ഇതില്‍ പ്രത്യേക വിഭവങ്ങളും പോഷകാഹാരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഈ ആനയൂട്ട്. പിന്നീട് ഇത് കര്‍ക്കിടകമാസം ഒന്നാം തീയതി ഇതൊരു ചടങ്ങായി മാറുകയായിരുന്നു. പിന്നീട് കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളും ഈ ചടങ്ങ് നടത്താന്‍ തുടങ്ങി.

Advertisement