മോസ്കോ: സ്വവർഗാനുരാഗികൾക്കെതിരായ റഷ്യൻ ഭരണകൂടത്തിന്റെ നയത്തിനെതിരെ ലോക 12–ാം നമ്പർ ടെന്നിസ് താരം ഡാരിയ കസറ്റ്കിന. യുട്യൂബ് ചാനലിലെ വിഡിയോയിലാണ് റഷ്യൻ സർക്കാരിന്റെ നയത്തിനെതിരെ ടെന്നിസ് താരം രംഗത്തെത്തിയത്. താനൊരു സ്വവർഗാനുരാഗിയാണെന്നും റഷ്യൻ താരം പ്രഖ്യാപിച്ചു.
1993 മുതൽ സ്വവർഗ ലൈംഗികത റഷ്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നാൽ ഇത്തരം വിഷയങ്ങൾ ‘ബ്രോഡ്കാസ്റ്റ്’ ചെയ്യുന്നതിന് 2013 മുതൽ റഷ്യയിൽ വിലക്കുണ്ട്. ‘‘രാജ്യത്തു നിരോധിക്കേണ്ടതായിട്ടുള്ള ഇതിലും വലിയ എത്രയോ പ്രശ്നങ്ങളുണ്ട്. അതിനു നേരെ അവർ കണ്ണടയ്ക്കുന്നതിൽ അദ്ഭുതമില്ല. അവർ പറയുന്നതു പോലെ, ലിംഗ സ്വത്വം വെളിപ്പെടുത്താതെ ഒളിച്ചു താമസിക്കണമെന്നതൊക്കെ കഴമ്പില്ലാത്ത കാര്യമാണ്.
പക്ഷേ എങ്ങനെ വേണം അത് വെളിപ്പെടുത്താൻ, എത്ര പേരോടു വേണം അതു പറയാൻ എന്നതൊക്കെ ഓരോരുത്തരുടെയും താൽപര്യമാണ്. നിങ്ങളുടെ ആത്മാഭിമാനത്തിൽ വിശ്വസിച്ച്, സമാധാനത്തോടെ ജീവിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.’’– യുട്യൂബ് വിഡിയോയിൽ ടെന്നിസ് താരം പ്രതികരിച്ചു. റഷ്യയിലെ ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം കൂടിയാണ് ഡാരിയ കസറ്റ്കിന. നേരത്തേ റഷ്യൻ ഫുട്ബോൾ താരമായ നാദിയ കർപോവയും വിഷയത്തിൽ റഷ്യൻ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
വിഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ കൂട്ടുകാരിയുമൊത്തുള്ള ചിത്രം കസറ്റ്കിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. റഷ്യയുടെ വനിതാ സ്കേറ്റിങ് താരമായ നതാലിയ സബിയാകോയുമൊത്തുള്ള ചിത്രമാണ് ഡാരിയ പങ്കുവച്ചത്. നതാലിയയുമായി ഏറെ നാളുകളായുള്ള സൗഹൃദമാണെന്നും താരം വെളിപ്പെടുത്തി.