സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് കൊട്ടാരക്കരയില്‍

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെയും ഗുസ്തി അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ 9,10 തീയതികളില്‍ നാലാമത് സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ ഷിപ്പ് നടത്തുന്നു. മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നായി 500-ല്‍ പരം ഗുസ്തി താരങ്ങള്‍ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഇനങ്ങളില്‍ മത്സരിക്കും. 9ന് രാവിലെ 10.30ന് കൊടികുന്നില്‍ സുരേഷ് എംപിയും 10ന് നഗരസഭാ ചെയര്‍മാന്‍ എ. ഷാജുവും മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.


രണ്ടു ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ വൈകിട്ട് 6 വരെ ഗുസ്തി മത്സരങ്ങള്‍ അരങ്ങേറും. മത്സരത്തിന്റെ ഒന്നാം ദിവസം സമ്മാന വിതരണം മന്ത്രി കെ. എന്‍. ബാലഗോപാലും രണ്ടാം ദിനം സമാപന സമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റും നിര്‍വഹിക്കും. വിവിധ ചടങ്ങുകളിലായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ, റൂറല്‍ പോലീസ് മേധാവി കെ. ബി. രവി, ജില്ലാ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജയകുമാര്‍, അഡ്വ. അനില്‍ അമ്പലക്കര (സംസ്ഥാന പ്രസിഡന്റ് ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍), വി. എല്‍. പ്രസൂദ് (ദേശീയ ഇന്ത്യന്‍ ഗുസ്തി ജനറല്‍ സെക്രട്ടറി ) ഗുസ്തി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. മിസ്റ്റര്‍ ഇന്ത്യയുടെ ബോഡി ഷോ, ജി ടെക് കമ്പ്യൂട്ടര്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവ പരിപാടിയില്‍ നടക്കും. നഗരസഭാ ജനപ്രതിനിധികളാണ് മത്സരത്തിന്റെ സംഘാടക സമിതി അംഗങ്ങള്‍.