അഭിമാനമായി പി. വി. സിന്ധു; കോമണ്‍വെല്‍ത്ത്ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യ

Advertisement

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഒളിംപിക്സ് മെഡല്‍ ജേതാവ് പി. വി. സിന്ധു. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീയെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജയം. സ്‌കോര്‍ 21-15, 20-13. കോമണ്‍വെല്‍ത്തിലെ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടമാണ് ഇത്. ലോക റാങ്കിംഗില്‍ പതിനാലാം സ്ഥാനത്തുള്ള മിഷേല്‍ ലീയ്ക്ക് പ്രതീക്ഷിച്ച പോരാട്ടം ഫൈനലില്‍ സിന്ധുവിന് കൊടുക്കാനായില്ല. ആദ്യ ഗെയിം 21-15 ന് നഷ്ടമായ അവര്‍ രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുകയായിരുന്നു. എന്നാല്‍ ഈ സമയം തന്റെ പരിചയസമ്പത്ത് പൂര്‍ണമായും മുതലാക്കി കളിച്ച സിന്ധു സ്വര്‍ണ നേട്ടത്തിലേക്ക് എത്തുകയായിരുന്നു.
ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്റെ കുതിപ്പ്. മിക്സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു.
ഇത് മൂന്നാം തവണയാണ് സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്തുന്നത്. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി താരം ഇക്കുറി സ്വര്‍ണമാക്കി. ഇന്ത്യയുടെ തന്നെ സൈനയോടാണ് അന്ന് സിന്ധു തോറ്റത്.