സൂറിച്ച്: ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്‌ബോൾ ഒരു ദിവസം മുൻപ് ആരംഭിക്കുമെന്ന് റിപ്പോർട്ട്.
ഈ വർഷം നവംബർ 21ന് മത്സരങ്ങൾ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. അത് ഒരു ദിവസം നേരത്തെ ഇരുപതിലേക്ക് മാറ്റുന്നതിന് ഫിഫ ആലോചിക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ആതിഥേയ രാജ്യത്തിന്റെ മത്സരം ആദ്യം വരുന്ന രീതിയിലുള്ള ക്രമീകരണത്തിനാണിതെന്നാണ് സൂചന. നിലവിൽ ഗ്രൂപ്പ് എയിലെ നെതർലൻഡ്‌സ്-സെനഗൽ പോരാട്ടമാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തിൽ ഖത്തറിന് എതിരാളികൾ ഇക്വഡോറാണ്. ഈ മത്സരം 20ന് നടത്താനാണ് ആലോചന. മറ്റു മത്സരക്രമങ്ങളിലോ, ഡിസംബർ 18ലെ ഫൈനലിലോ മാറ്റമില്ല.
നിലവിലെ ജോതാക്കളോ ആതിഥേയരോ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന രീതിയിലാണ് കഴിഞ്ഞ ലോകകപ്പുകളിലെയെല്ലാം മത്സരക്രമം. 2002ൽ ദക്ഷിണ കൊറിയയും ജപ്പാനും ആതിഥേയത്വം വഹിച്ച മത്സരത്തിൽ നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസും സെനഗലുമാണ് ആദ്യം ഏറ്റുമുട്ടിയത്. ഇതിൽ ഫ്രാൻസ് തോറ്റിരുന്നു.
തുടർന്നുള്ള ലോകകപ്പുകളിൽ ആതിഥേയ രാജ്യമാണ് ഉദ്ഘാടന മത്സരത്തിനിറങ്ങിയത്. ഇതു ചൂണ്ടിക്കാട്ടി ലാറ്റിനമേരിക്കൻ കോൺഫെഡറേഷനാണ് ഈയൊരു നിർദേശം ഫിഫയ്ക്ക് മുന്നിൽ വച്ചത്. അവിടെ നിന്നുള്ള ടീമാണ് ഖത്തറിന്റെ ആദ്യ എതിരാളികളായ ഇക്വഡോർ. ഫിഫയ്ക്കു മുന്നിലുള്ള ഈ നിർദേശത്തിൽ ആറ് വൻകര കോൺഫെഡറേഷനുകളുടെ അധ്യക്ഷന്മാരും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനൊയും അടങ്ങിയ ഫിഫ കൗൺസിലാണ് തീരുമാനമെടുക്കുക.