റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ കീരിട നേട്ടം ലക്ഷ്യമിട്ട് പുതിയ പരിശീലകനെ ക്യാമ്പിലെത്തിച്ചിരിക്കുകയാണ്. സിംബാബ്വെയുടെ ഇതിഹാസ താരം ആന്‍ഡി ഫ്ലവര്‍ ആണ് ആര്‍സിബിയുടെ പുതിയ പരിശീലകനായി എത്തിയിരിക്കുന്നത്. ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. ഹെഡ് കോച്ചായാണ് ആന്‍ഡി ഫ്ലവറിനെ നിയമിച്ചിട്ടുള്ളത്. നിലവിലെ പരിശീലകരായ ഹെസ്സനും സഞ്ജയ് ബാംഗാറും ഈ മാസം സ്ഥാനമൊഴിയും. ഇരുവരുമായിട്ടുള്ള കരാര്‍ പുതുക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകനായിരുന്നു ആന്‍ഡി ഫ്ലവര്‍.
വരുന്ന സീസണില്‍ ആന്‍ഡി ഫ്ലവറിന് പകരം ജസ്റ്റിന്‍ ലാംഗറെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകനായി നിയമിച്ചിരുന്നു. ഇതോടെയാണ് ഫ്ലവര്‍ ആര്‍സിബിയിലേക്ക് മാറുന്നത്. രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകളും ആന്‍ഡി ഫ്ലവറെ പരിശീലകനാക്കാന്‍ നീക്കം നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.
