ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിന് ഇന്ത്യയ്ക്ക് ഇനി വേണ്ടത് ഒരു ജയം മാത്രം. ഇന്ന് നടക്കുന്ന ഫൈനലിൽ മലേഷ്യയെ തോൽപ്പിക്കണം. അങ്ങനെ സംഭവിച്ചാൽ നാലാമത്തെ തവണ ഇന്ത്യൻ ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകും. ഇന്നലെ നടന്ന സെമി ഫൈനലിൽ ജപ്പാനെ തകർത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. മറുപടിയില്ലാത്ത അഞ്ച് ഗോളിന് ജപ്പാനെ തകർത്താണ് ഇന്ത്യൻ ജയം.
ആദ്യ ക്വാർട്ടർ ഇരുടീമുകളും ഗോൾ ഒന്നും നേടിയില്ല. ജപ്പാൻ്റെ ചില മുന്നേറ്റങ്ങൾ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ് തടഞ്ഞിട്ടു. രണ്ടാം ക്വാർട്ടറിലാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. 19-ാം മിനിറ്റിൽ ആകാശ്ദീപ് സിംഗാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് അനുകൂലമായി ഒരു പെനാൽറ്റി കോർണർ ലഭിച്ചു. ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗിൻ്റെ ഡ്രാഗ് ഫ്ലിക്ക് പിഴച്ചില്ല. ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. 30-ാംമിനിറ്റിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി. മൻപ്രീത് സിംഗാണ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.
മൂന്നാം ക്വാർട്ടറിൽ 39-ാം മിനിറ്റിൽ ഇന്ത്യയുടെ നാലാം ഗോൾ പിറന്നു. മൻപ്രീത് സിംഗിൻ്റെ മത്സരത്തിലെ രണ്ടാം ഗോൾ നേടി. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 4-0 ത്തിന് മുന്നിലായി. 51-ാം മിനിറ്റിൽ കാർത്തി സെൽവത്തിലൂടെ ഇന്ത്യ അഞ്ചിൻ്റെ പഞ്ചും സ്വന്തമാക്കി. 60 മിനിറ്റ് പിന്നുടുമ്പോൾ 5-0 ത്തിന് ഇന്ത്യൻ ജയം. ഇരട്ടഗോൾ നേടിയ മൻപ്രീത് സിംഗാണ് മത്സരത്തിലെ താരം.