പൊരുതി തോറ്റ് പ്രജ്ഞാനന്ദ; ചെസ് ലോകകപ്പ് കിരീടം നേടി മാഗ്‌നസ് കാള്‍സണ്‍

Advertisement

ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി മാഗ്‌നസ് കാള്‍സണ്‍. ഇന്ത്യയുടെ ആര്‍. പ്രജ്ഞാനന്ദയെയാണ് ഫൈനലിൽ അദ്ദേഹം പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ തളച്ച പ്രജ്ഞനാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോര്‍വീജിയന്‍ ഇതിഹാസം മാഗ്‌നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ച പ്രജ്ഞനാനന്ദയുടെ പ്രകടനം അഭിമാനമായിരുന്നു. ആദ്യ മത്സരത്തില്‍ 35ഉം രണ്ടാം മത്സരത്തില്‍ 30ഉം നീക്കത്തിനൊടുവില്‍ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ഇന്ന് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കുകയായിരുന്നു. കേവലം ഒന്നര പോയിന്റ് നേടിയാണ് ടൈബ്രേക്കറില്‍ കാള്‍സണ്‍ ചാമ്പ്യനായത്.

Advertisement