കൂടെ കളിച്ചത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്, ക്രിക്കറ്റിൽ മാത്രമല്ല ഗോൾഫിലും ‘തല’യെന്ന് തെളിയിച്ച് ധോണി-വീഡിയോ

Advertisement

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ കാർലോസ് അൽക്കാരസും അലക്സാണ്ടർ സ്വരേവും തമ്മിലുള്ള ക്വാർട്ടർ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ ഗോൾഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി. ധോണിക്കൊപ്പം ഗോൾഫ് കളിക്കാനായി എത്തിയത് ചില്ലറക്കാരനല്ല. മുൻ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപായിരുന്നു ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ ധോണിയുടെ സഹതാരം.

ധോണിയും ട്രംപും ഒരുമിച്ച് ഗോൾഫ് കളിക്കുന്നതിൻറെ ചിത്രങ്ങളും ദൃശ്യങ്ങളും ധോണിയുടെ സുഹൃത്തും ദുബായിലെ വ്യവസായിയുമായ ഹിതേഷ് സങ്‌വിയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സങ്‌വിക്കും മറ്റൊരു സുഹൃത്തിനുമൊപ്പമാണ് ധോണി കഴിഞ്ഞ ദിവസം യുഎസ് ഓപ്പൺ ക്വാർട്ടർ പോരാട്ടം കാണാനായി സ്റ്റേ‍ഡിയത്തിലെത്തിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച 42കാരനായ ധോണി അടുത്ത ഐപിഎല്ലിലും കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഐപിഎല്ലിനിനിടെ കാൽമുട്ടിന് പരിക്കേറ്റെങ്കിലും ഫൈനലിൽ അടക്കം ടീമിനെ മുന്നിൽ നിന്ന് നയിച്ചാണ് ധോണി ചെന്നൈ ടീമിന് അഞ്ചാം കിരീടം സമ്മാനിച്ചത്. കാൽമുട്ടിനേറ്റ പരിക്കിന് പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായ ധോണി കഴിഞ്ഞ മാസം തൻറെ സൂപ്പർ ബൈക്കിലും കാറിലുമെല്ലാം റാഞ്ചിയിലെ നിരത്തുകളിലൂടെ ചീറിപ്പായുന്നതിൻറെ വീഡിയോയും ആരാധകരുമായി പങ്കുവെച്ചിരുന്നു.

Advertisement