39 വർഷം മുൻപ് പി.ടി.ഉഷ കുറിച്ച റെക്കോർഡിനൊപ്പം വിദ്യ രാംരാജ്; 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ

Advertisement

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിനൊപ്പമെത്തിയ പ്രകടനത്തോടെ ഇന്ത്യയുടെ വിദ്യ രാംരാജ് ഫൈനലിൽ. 1984ൽ ലൊസാഞ്ചലസ് ഒളിംപിക്സിൽ പി.ടി. ഉഷ കുറിച്ച റെക്കോർഡിനൊപ്പമാണ് വിദ്യയെത്തിയത്. സമയം 55.42. അന്നു നാലാമതായി ഫിനിഷ് ചെയ്ത ഉഷയ്ക്ക് നേരിയ വ്യത്യാസത്തിലാണ് ഒളിംപിക് മെഡൽ നഷ്ടമായത്. ഹീറ്റ്സിൽ ഒന്നാമതായാണ് വിദ്യ ഫിനീഷ് ചെയ്തത്.

പുരുഷൻമാരുടെ 800 മീറ്ററിൽ മലയാളിതാരം മുഹമ്മദ് അഫ്സലും ഫൈനലിലെത്തി. അഫ്സലും ഹീറ്റ്സിൽ ഒന്നാമതെത്തി. പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിലും ഹൈജംപിലും ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തി.

പുരുഷ–വനിതാ വിഭാഗം 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേയിൽ ഇന്ത്യ വെങ്കലം നേടി. സഞ്ജന അതുല, കാർത്തിക ജഗദീശരൻ, ഹീരൽ സാധു, ആരതി രാജ്കസ്തൂരി എന്നിവരാണ് വനിത റിലേയിൽ ഇറങ്ങിയത്. ആര്യൻ പാൽ സിങ്, ആനന്ദ്കുമാർ , സിദ്ധാന്ത് കുംബ്ലെ, വിക്രം രാജേന്ദ്ര എന്നിവരാണ് പുരുഷവിഭാഗത്തിൽ മത്സരിച്ചത്.