ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യന്‍ പുരുഷ ടീം

Advertisement

ഏഷ്യന്‍ ഗെയിംസ് ഹോക്കിയിൽ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുന്നേറ്റം തുടരുകയാണ്. ഗ്രൂപ്പിലെ അഞ്ചാം മത്സരത്തിലും ഗോള്‍ അടിച്ചു കൂട്ടി ഇന്ത്യ വിജയം പിടിച്ചു. ബംഗ്ലാദേശിനെ 12-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്.
അഞ്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നു ഇന്ത്യ ആകെ അടിച്ച ഗോളുകളുടെ എണ്ണം 58 ആയി. പൂള്‍ എ പോരില്‍ അഞ്ച് ഗോളുകള്‍ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി തന്നെ സെമിയിലേക്ക് മുന്നേറും.

ബംഗ്ലാദേശിനെതിരെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. അഭിഷേക് ഇരട്ട ഗോളുകളും സ്വന്തമാക്കി. രണ്ട്, നാല്, 32 മിനിറ്റുകളിലാണ് മന്‍പ്രീത് ഗോളുകള്‍ നേടിയത്. 18, 24, 46 മിനിറ്റുകളിലാണ് മന്‍ദീപ് സ്‌കോര്‍ ചെയ്തത്. അഭിഷേക് 41, 57 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു. ലളിത് കുമാര്‍ ഉപാധ്യായ് 23ാം മിനിറ്റിലും അമിത് രോഹിതാസ് 28ാം മിനിറ്റിലും നിലകാന്ത് ശര്‍മ 47ാം മിനിറ്റിലും സുമിത് 56ാം മിനിറ്റിലും ശേഷിച്ച ഗോളുകളും നേടി.

നേരത്തെ ജപ്പാനെ 4-2നു വീഴ്ത്തിയ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെ 16-0ത്തിനും സിംഗപ്പുരിനെ 16-1നും വീഴ്ത്തിയിരുന്നു. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്ക് ചിരവൈരികളായ പാകിസ്ഥാനെ കെട്ടുകെട്ടിച്ചാണ് ഇന്ത്യ മറ്റൊരു അയല്‍ക്കാരായ ബംഗ്ലേദേശിനേയും നേരിട്ടത്.

Advertisement