ചെസ് മത്സരങ്ങളിലെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ സമനിലയില്‍ തളച്ച് മലയാളി. ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍ ആണ് കരിയറില്‍ ആദ്യമായി കാള്‍സനുമായി ഏറ്റുമുട്ടി സമനില പിടിച്ചത്. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍കന്‍ഡില്‍ നടക്കുന്ന ലോക ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 11-ാം റൗണ്ടിലാണ് നിഹാല്‍ കാള്‍സനുമായി ഏറ്റുമുട്ടിയത്. നേരത്തെ ഓണ്‍ലൈന്‍ പോരാട്ടങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്.
അതേസമയം 15-ാം റൗണ്ടില്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ യാന്‍ നീപോംനീഷിയോടു പരാജയപ്പെടുകയും തുടര്‍ച്ചയായ പോരാട്ടങ്ങളില്‍ സമനില വഴങ്ങുകയും ചെയ്തതോടെ താരം പത്താം സ്ഥാനത്തേക്ക് വീണു. ടൂര്‍ണമെന്റ് റാങ്കിങ്ങില്‍ താരം 20-ാം സ്ഥാനത്തായിരുന്നു. പത്ത് റൗണ്ട് പിന്നിടുമ്പോള്‍ നിഹാല്‍ ആദ്യ അഞ്ചിലേക്ക് എത്തി.
11-ാം റൗണ്ട് കഴിഞ്ഞപ്പോള്‍ 8.5 പോയിന്റുമായി നിഹാല്‍ കാള്‍സനും നീപോംനീഷിയ്ക്കുമൊപ്പം ടോപ് ഓര്‍ഡറില്‍ തുല്യനിലായിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് റൗണ്ടുകളില്‍ സമനിലയും 15-ാം റൗണ്ടില്‍ നീപോംനീഷിയോടു പരാജയപ്പെട്ടതും താരത്തിനു തിരിച്ചടിയായി. അതോടെ പോയിന്റും കുറഞ്ഞു. 16, 17, 18 റൗണ്ടുകളിലെ സമനിലകളുടെ ബലത്തില്‍ താരം 11 പോയിന്റുമായി നിലവില്‍ പത്താം സ്ഥാനത്ത്.