സൗത്ത് സോണ്‍ ഹോക്കി; കേരള പുരുഷ വനിതാ ടീമുകള്‍ക്ക് വിജയതുടക്കം

Advertisement

കൊല്ലം: കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ പുരുഷ്യ ടീമുകള്‍ക്ക് വിജയതുടക്കം. ആദ്യ മത്സരത്തില്‍ കേരള വനിതകള്‍ എന്നിനെതിരെ നാല് ഗോളുകള്‍ക്ക് ശക്തരായ കര്‍ണാടകയെയാണ് കേരളം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഷാനിയ കെ.വി.യിലൂടെ കേരളം മൂന്നിലെത്തി. 15 ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിന്റെ 20 ാം മിനുട്ടില്‍ കര്‍ണാടക്ക ഗ്രീഷ്മ പൊന്നപ്പയിലൂടെ ഒരു ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 26 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമാണ് കണ്ടത്. 47 ാം മിനുട്ടില്‍ ഷാനിയ രണ്ടാം ഗോള്‍ നേടി സ്‌കോര്‍ നാലാക്കി. കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ നാളെ (ശനി) രാവിലെ 10.00 മണിക്ക് കേരളം തമിഴ്‌നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്‌നാട്.
പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാടിനെയാണ് തോല്‍പ്പിച്ചത്. രണ്ടാം മിനുട്ടില്‍ തന്നെ മിന്‍സ് ദിനേഷിയൂടെ കേരളം ലീഡ് എടുത്ത്. രണ്ടാം ക്വാര്‍ട്ടറില്‍ 18 ാം മിനുട്ടില്‍ ഗൗതമിലൂടെ തമിഴ്‌നാട് സമനില പിടിച്ചെങ്കിലും കൃത്യം രണ്ട് മിനുട്ടിന് ശേഷം 20 ാം മിനുട്ടില്‍ കേരളം രാജു ബന്‍ഗാരിയിലൂടെ വീണ്ടും ലീഗ് നേടി. പീന്നീട് തമിഴ്‌നാടിന് മത്സരത്തിലേക്ക് തിരിക്കെവരാന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ കേരളം ഗോള്‍ നേടികൊണ്ടിരുന്നു. 28,32 എന്നീ മിനുട്ടുകളില്‍ ബഹാല സൂരജ് ഇരട്ടഗോള്‍ നേടി. 39 ാം മിനുട്ടില്‍ നദീം കെ.എന്‍ ലൂടെ കേരളം ലീഡ് ഉയര്‍ത്തി. 53 ാം മിനുട്ടില്‍ കേരളത്തിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. കേരളത്തിന്റെ അറ്റാക്കിംങ് താരം ബഹാല സൂരജ് തമിഴ്‌നാടിന്റെ വലയിലെത്തിച്ച് ഹാട്രിക്ക് സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തിലെ മൂന്നാം ഹാട്രിക്ക്. ബഹാല സൂരജ് മത്സരത്തിലെ താരവുമായി. നാളെ (ശനി) വൈകീട്ട് 3.15 ന് നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിച്ചാണ് കര്‍ണാടകയുടെ വരവ്.
വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആന്ധ്രാപ്രദേശ് ഹോക്കി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലുങ്കാനയെ തോല്‍പ്പിച്ചു. ആന്ധ്രാപ്രദേശിന്റെ മധുരിമ പൂജാരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാട് ഹോക്കി ടീം പുതുച്ചേരി ഹോക്കിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. തമിഴ്‌നാടിന്റെ ജോവിന ഡെഫ്‌നി എം.ജെയാണ് മത്സരത്തിലെ താരം
പുരുഷന്‍മാരുടെ ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ അട്ടിമറിച്ച് പുതുച്ചേരി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച പുതുച്ചേരി നാലിനെതിരെ ഏട്ട് ഗോളുകള്‍ക്കാണ് ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് ആന്ധ്രാപ്രദേശ് നാല് ഗോളും നേടിയത്. മത്സരത്തില്‍ ഹാട്രിക്ക് നേടിയ പ്രവീണ്‍ മത്സരത്തിലെ മികച്ച താരമായി. പുതുച്ചേരിയുടെ നിതേഷ്വരനും ഹാട്രിക്ക് നേടി.
രണ്ടാം മത്സരത്തില്‍ തെലുങ്കാനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തോല്‍പ്പിച്ച് കര്‍ണാടക ആദ്യ വിജയം സ്വന്തമാക്കി. ഗോളൊന്നും നേടിയില്ലെങ്കിലും കര്‍ണാടകയുടെ ധനുഷാണ് മത്സരത്തിലെ താരം.

Advertisement