ന്യൂയോർക്ക്: ഇന്ത്യൻ താരം കൊനേരു ഹംപിക്ക് വീണ്ടും ലോക റാപ്പിഡ് ചെസ് കിരീടം. ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ച് 11ൽ 8.5 പോയിന്റ് നേടിയാണ് മുപ്പത്തേഴുകാരിയായ കൊനേരു ഹംപി രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം ചൂടിയത്. ഇതിനു മുൻപ് 2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു. ചൈനയുടെ ജൂ വെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.
പുരുഷ വിഭാഗത്തിൽ റഷ്യയുടെ പതിനെടുക്കാരൻ താരം വൊലോദർ മുർസിനാണ് ജേതാവ്. 17–ാം വയസ്സിൽ കിരീടം ചൂടിയ ഉസ്ബെക്കിസ്ഥാൻ താരം നോദിർബെക് അബ്ദുസത്തോറോവിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമാണ് മുർസിൻ.
ലോക ചെസ് രംഗത്ത് ഈ വർഷം ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് ഉറപ്പിക്കുന്നതായി കൊനേരു ഹംപിയുടെ കിരീടനേട്ടം. ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ദൊമ്മരാജു ഗുകേഷ് കിരീടം ചൂടിയിരുന്നു. ഈ നേട്ടത്തിന്റെ സന്തോഷം ഇരട്ടിയാക്കിയാണ് ലോക റാപ്പിഡ് ചെസ് കിരീടം കൊനേരു ഹംപിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്നത്.
2012ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ചരിത്രവും കൊനേരു ഹംപിക്കുണ്ട്. 2019ൽ മോസ്കോയിൽത്തന്നെ കിരീടം ചൂടി ഹംപി നേട്ടങ്ങളുടെ പടവുകൾ ചവിട്ടിക്കയറി. അന്ന് കിങ് സൽമാൻ ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിന്റെ ടൈബ്രേക്കറിൽ ചൈനയുടെ ലെയ് ടിങ്ജിയെ തോൽപിച്ചാണ് കൊനേരു ഹംപി കിരീടം ചൂടിയത്. ടൈബ്രേക്കറിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഹംപി തിരിച്ചടിച്ചു. ഫൈനൽ റൗണ്ട് പൂർത്തിയായപ്പോൾ ഹംപി, ലെയ്, റഷ്യയുടെ എകാതെറിന അതാലിക് എന്നിവർ ടൈ പാലിക്കുകയായിരുന്നു. ലെയ് വെള്ളിയും എകാതെറിന വെങ്കലവും സ്വന്തമാക്കി.
ഉസ്ബെക്കിസ്ഥാനിലെ സമർകണ്ഡിൽ കഴിഞ്ഞ വർഷം നടന്ന ചാംപ്യൻഷിപ്പിൽ കൊനേരു ഹംപി വെള്ളി നേടിയിരുന്നു. അന്ന് ഫൈനൽ റൗണ്ടിൽ ടൈബ്രേക്കറിൽ റഷ്യയുടെ അനസ്താശിയ ബോഡ്നറൂകിനോടാണ് ഹംപി തോറ്റത്.