ടെന്നീസ് ലോകത്തെ ഞെട്ടിച്ച്‌ ആഷ്‌ ബാർട്ടി, 25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപനം

Advertisement

മെൽബൺ: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ ബാർട്ടി വിരമിച്ചു. 25-ാം വയസിൽ ടെന്നീസ് ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് വനിതാ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ.

കഴിഞ്ഞ 114 ആഴ്ചയായി ഒന്നാം നമ്പർ താരമായി തുടരുകയായിരുന്നു ആഷ്‌ലി.ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉൾപ്പെടെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. “ഞാൻ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായില്ല. പറയാൻ പ്രയാസമാണ് . ഞാൻ വളരെ സന്തോഷവതിയാണ്, ഞാൻ തയ്യാറാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്കിതാണ് ശരിയെന്ന് തോന്നുന്നു. എനിക്ക് കഴിയുന്നതെല്ലാം ടെന്നിസ് എന്ന ഈ കായിക വിനോദത്തിന് ഞാൻ നൽകിയിട്ടുണ്ട്, അതിൽ ഞാൻ സന്തുഷ്ടയാണ്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് എന്റെ വിജയം,” വീഡിയോ സന്ദേശത്തിൽ ബാർട്ടി പറഞ്ഞു.

ആദ്യമായിട്ടാവും കരിയറിന്റെ ഉന്നതിയിൽ നിൽക്കെ ചെറുപ്രായത്തിൽ ഒരു കായിക താരം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ബാർട്ടി ലോക ടെന്നിസ് ഹാൾ ഓഫ് ഫെയിമിൽ എത്തുമെന്ന് ഉറപ്പാണ്. 2019ലെ ഫ്രഞ്ച് ഓപ്പൺ, 2021ലെ വിംബിൾഡൺ, കഴിഞ്ഞ ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പൺ എന്നിങ്ങനെ മൂന്ന് പ്രധാന സിംഗിൾസ് കിരീടങ്ങൾ ബാർട്ടി നേടിയിട്ടുണ്ട്. സിംഗിൾസിൽ 15 ടൈറ്റിലുകളും ഡബിൾസിൽ 12 ടൈറ്റിലുകളും നേടി.

സ്റ്റെഫി ഗ്രാഫ് (186 ആഴ്‌ച), സെറീന വില്യംസ് (186), മാർട്ടിന നവരത്തിലോവ (156) എന്നിവർക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ഒന്നാം നമ്പറായി തുടർന്നതിന്റെ റെക്കോർഡും ബാർട്ടിയുടെ പേരിലാണ്.

“ഏറ്റവും മികച്ചത് പുറത്തെടുക്കാൻ എത്രമാത്രം ജോലി ചെയ്യണമെന്ന് എനിക്കറിയാം, ഞാൻ ഇതെന്റെ ടീമിനോട് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട് – `ഇനി എന്റെ ഉള്ളിൽ ഇനി അത് ഇല്ല.’ ശാരീരികമായി, എനിക്ക് കൂടുതൽ ഒന്നും നൽകാനില്ല. ഈ മനോഹരമായ ടെന്നിസ് കായിക വിനോദത്തിന് ഞാൻ എന്റെ പക്കലുള്ളതെല്ലാം നൽകിയിട്ടുണ്ട്, അതിൽ ഞാൻ സന്തുഷ്ടയാണ്. എന്നെ സംബന്ധിച്ച്‌ അതാണ് വിജയം” ബാർട്ടി പറഞ്ഞു.

Advertisement