തിരുവനന്തപുരം: കേരള ഗെയിംസ് 2022ൻറെ ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തോൺ ഓട്ട മത്സരങ്ങൾ ഞായറാഴ്ച നടക്കും.
മൂന്നു വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മാരത്തോൺ മത്സരങ്ങൾ ഞായറാഴ്ച പുലർച്ചെ 4.30ന് ആരംഭിക്കും.
21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ മാരത്തോൺ ഓട്ടം, മൂന്നു കിലോമീറ്റർ ഫൺ റണ്ണും കോർപറേറ്റ് റണ്ണും എന്നീ വിഭാഗങ്ങളിലായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.
21 കിലോമീറ്റർ ഹാഫ് മാരത്തോൺ മത്സരം പുലർച്ചെ 4.30ന് ആരംഭിക്കും. കനകക്കുന്നിനു മുന്നിൽനിന്നാരംഭിച്ച് എൽഎംഎസ്, പാളയം, സ്പെൻസർ ജംക്ഷൻ, സ്റ്റാച്യൂ, പുളിമൂട് വഴി ആയുർവ്വേദ കോളജ് ജംക്ഷൻവരെയെത്തി അവിടെനിന്നും തിരിച്ച് അതേ റൂട്ടിൽ കനകക്കുന്ന് ലക്ഷ്യമാക്കി ഹാഫ് മാരത്തോൺ പുരോഗമിക്കും.
കനകക്കുന്നിലെ സ്റ്റാർട്ടിങ് പോയൻറ് പിന്നിട്ട് പിന്നെയും മുന്നോട്ടുപോകുന്ന മാരത്തോൺ വെള്ളയമ്പലം, രാജ് ഭവൻ വഴി കവടിയാറെത്തി തിരിച്ച് വീണ്ടും വെള്ളയമ്പലത്തേക്കെത്തും.
വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലം ലക്ഷ്യമാക്കി മുന്നേറുന്ന മാരത്തോൺ ശാസ്തമംഗലം ജംഗ്ഷനിൽ നിന്നു തിരിഞ്ഞു വീണ്ടും വെള്ളയമ്പലം പിന്നിട്ട് കനകക്കുന്നിനു മുന്നിലെത്തി ഷിനിഷ് ചെയ്യും.
മൂന്നു മണിക്കൂർ മൂപ്പതു മിനിറ്റ് സമയംകൊണ്ടാണ് 21.1 കിലോമീറ്റർ ദൂരം പിന്നിടേണ്ടത്. ഹാഫ് മാരത്തോൺ വിഭാഗത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാന തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
രാവിലെ ആറുമണിക്കാണ് 10 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിന്റെ ഫ്ളാഗ് ഓഫ്. ഹാഫ് മാരത്തോണിലേതു പോലെത്തന്നെ കനകക്കുന്നിൽ നിന്നാരംഭിച്ച് ആയുർവ്വേദ കോളജ് ജംഗ്ഷനിലെത്തി തിരിച്ചു കനകക്കുന്നുവഴി വെള്ളയമ്പലത്തെത്തും.
രാജ്ഭവനു മുന്നിലൂടെ തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിനു സമീപത്തെത്തി വെള്ളയമ്പലത്തേക്കു തന്നെ തിരിച്ചെത്തുന്ന മാരത്തോൺ ശാസ്തമംഗലം വരെയെത്തി തിരിച്ച് വെള്ളയമ്പലം വഴി കനകക്കുന്നിൽ ഫിനിഷ് ചെയ്യും. രണ്ടു മണിക്കൂർകൊണ്ട് 10 കിലോമീറ്റർ പൂർത്തിയാക്കണം.
7.30നാണ് മൂന്നു കിലോമീറ്റർ ഫൺ റണ്ണിന്റെ ഫ്ളാഗ് ഓഫ്. കനകക്കുന്നിൽ നിന്നാരംഭിച്ച് എൽഎംഎസ്, പാളയം വിജെടി ഹാളിനു മുന്നിലെത്തി തിരിച്ച് അതേ റൂട്ടിലൂടെ കനകക്കുന്നിലെത്തിയാണ് ഫൺ റൺ ഫിനിഷ് ചെയ്യുക. തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കായിക പ്രേമികളും പങ്കെടുക്കുന്ന മൂന്നു കിലോമീറ്റർ കോർപറേറ്റ് റണ്ണും ഇതിനോടൊപ്പം നടക്കും.