തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ ആദ്യ സ്വർണമെഡൽ ജേതാക്കൾ എന്ന ഖ്യാതി ആന്ധ്രപ്രദേശ് സ്വദേശി ടി.വരുണിനും മണിപ്പൂർ സ്വദേശി എൻ. പ്രസീദക്കും സ്വന്തം. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 68 കിലോഗ്രാമിൽ താഴെയുള്ള പുരുഷന്മാരുടെ വിഭാഗത്തിലാണ് വരുൺ സ്വർണം നേടിയത്. ഈ വർഷം നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലും വരുൺ സ്വർണം നേടിയിരുന്നു. 46 കിലോഗ്രാമിൽ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിലാണ് പ്രസീദ സ്വർണം നേടിയത്. 2018ൽ തുനീഷ്യയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരമാണ് പ്രസീദ.
ഇരുവരും തിരുവനന്തപുരം സായിയുടെ താരങ്ങളാണ്. 87 കിലോഗ്രാമിനു മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിൻറെ മിനാസ് എം. ചെറിയാൻ സ്വർണം നേടി. 2022ലെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുത്ത താരമാണ് മിനാസ്. വയനാടിൻറെ കെ.എ. ഇനോഷിനാണ് ഈ ഇനത്തിൽ വെള്ളി. കാസർകോടിൻറെ കെ. ജിതിൻ വെങ്കലം നേടി. 53 കിലോഗ്രാമിൽ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തിൽ മലപ്പുറത്തിൻറെ പി. റന മജീദ് സ്വർണവും കാസർകോടിൻറെ ടി.വി. അശ്വതി വെള്ളിയും പാലക്കാടിൻറെ ആർ. അഞ്ജിത വെങ്കലവും നേടി. 87 കിലോയിൽ താഴെയുള്ളവരുടെ പുരുഷ വിഭാഗത്തിൽ എറണാകുളത്തിൻറെ എം.ഡി. പോൾസൺ സ്വർണവും തിരുവനന്തപുരത്തിൻറെ കെ.എ. റാസിം വെള്ളിയും കോട്ടയത്തിൻറെ അയ്യപ്പദാസ് വെങ്കലവും നേടി. 73 കിലോക്ക് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ മലപ്പുറത്തിൻറെ ടി.വി. ഉണ്ണിമായക്കാണ് സ്വർണം. തിരുവനന്തപുരത്തിൻറെ ആര്യകൃഷ്ണ വെള്ളി നേടിയപ്പോൾ കാസർകോടിൻറെ പൂജ രാജൻ വെങ്കലം കരസ്ഥമാക്കി.