തോമസ് കപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ ടീം; കന്നി കിരീടം സ്വന്തമാക്കിയത് ഇന്തോനേഷ്യയെ തകർത്ത്

Advertisement

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ജേതാക്കൾ. ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യയെ തകർത്താണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്.
73 വർഷം പഴക്കമുള്ള ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമാണിത്. ഇന്തോനേഷ്യയെ ഫൈനലിൽ 3-0ന് ആണ് ഇന്ത്യ തകർത്തത്. കിഡംബി ശ്രീകാന്ത്, സാത്വിക് സായ് രാജ്, ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി വിജയക്കുതിപ്പ് നടത്തിയത്. ആദ്യ സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ 8-21, 21-17, 21-16 എന്ന സെറ്റുകൾക്ക് വിജയിച്ചതോടെ ഇന്ത്യ 1-0ന് മുന്നിലായി

ഡബിൾസ് പോരാട്ടത്തിൽ സാത്വിക്-ചിരാഗ് ഷെട്ടി സഖ്യം 18-21, 23-21, 21-19 എന്ന സ്‌കോറിന് വിജയിച്ച് ഇന്ത്യൻ ലീഡ് 2-0 ആക്കി ഉയർത്തി. നിർണായകമായ രണ്ടാം സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 21-15, 23-21 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചതോടെ ഇന്ത്യ 3-0ന് കിരീടം സ്വന്തമാക്കുകയായിരുന്നു.