ന്യൂഡല്‍ഹി: ലോകം മഹാമാരിയുടെ പിടിയിലമര്‍ന്നപ്പോള്‍ മിടുക്കനായ ഒരു കബഡികളിക്കാരന്‍ വിവാദത്തിന്റെ പിടിയിലായിരുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൂടിയായ അജയ്താക്കൂറിനാണ് തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ തന്റെ നിരപരാധിത്വം കൂടി തെളിയിക്കാനുള്ള ബാധ്യത കൂടി വന്ന് ചേര്‍ന്നത്.
ഉത്തേജക മരുന്ന് വിവാദത്തില്‍ കുടുങ്ങിയ അജയ് താക്കൂര്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ പല ഉന്നതരുടെയും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ എവിടെയാണെന്ന കാര്യം രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അന്വേഷണസംഘത്തെ അറിയിച്ചെങ്കിലും അവസാനം താന്‍ എവിടെയാണെന്ന് വെളിപ്പെടുത്തേണ്ടി വന്നു.
ഉത്തേജക മരുന്ന് പരിശോധന സംഘത്തിന്റെ ആശയവിനിമയത്തിലെ പാളിച്ചകള്‍ മൂലം ഈ അര്‍ജുന ജേതാവിന് ആറ് മാസത്തോളം അയോഗ്യനാക്കപ്പെട്ട് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നു. അയോഗ്യതയുടെ കാലം അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം ഉത്തേജകമരുന്ന് പരിശോധന സമിതി അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ അറിയിച്ചു. അത് കൊണ്ട് തന്നെ അപ്പീല്‍ തത്വത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി.
അയോഗ്യത അവസാനിച്ചെന്ന് നാഡ ഉദ്യോഗസ്ഥര്‍ ടെലിഫോണില്‍ താക്കൂറിനെ അറിയിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയം ഉണ്ടാകണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടി. ഇമെയില്‍, തപാല്‍ സംവിധാനത്തിലൂടെ ഇക്കാര്യം താരങ്ങളെ അറിയിക്കണമെന്നും ഇതിന് പുറമെ ഇവരുടെ രജിസ്റ്റര്‍ ചെയ്ത ഫോണില്‍ വിളിച്ചറിയിക്കണമെന്നും പാനല്‍ നിര്‍ദ്ദേശിച്ചു. ആശയവിനിമയത്തിന്റെ വിശദമായ രേഖകള്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതികരണം ലഭ്യമാകാതെ വന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട ആശയ വിനിമയ സംവിധാനങ്ങള്‍ തേടണം. ഇതിന് നാഷണല്‍ ഫെഡറേഷന്‍,ഓഹരി ഉടമകള്‍ എന്നിവ ഉപയോഗിക്കാം.
അജയ് താക്കൂര്‍ തന്റെ കേസ് അപ്പീല്‍ സമിതിക്ക് മുന്നില്‍ കൊണ്ടുവന്നതിന് സംഘം അദ്ദേഹത്തെ അഭിനന്ദിച്ചു. അത് കൊണ്ട് താരങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉത്തേജക മരുന്ന് വിഷയത്തില്‍ ഇനി ഏര്‍പ്പെടുത്താനാകുമെന്നും അവര്‍ പറഞ്ഞു.
ഉത്തേകജ മരുന്ന് പരിശോധന കുറ്റക്കാരെ കണ്ടെത്താന്‍ വേണ്ടിയുള്ളതാണെന്നും അപര്യാപ്തതകള്‍ കൊണ്ട് നിരപരാധികളെ ശിക്ഷിക്കാനല്ലെന്നും സംഘം വ്യക്തമാക്കി.