ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 59 റൺസിൻറെ വമ്പൻ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. 24 റൺസ് വീതമെടുത്ത ക്യാപ്റ്റൻ നിക്കോളാസ് പുരാനും റൊവ്മാൻ പവലുമാണ് വിൻഡീസിൻറെ ടോപ് സ്കോറർമാർ.
ഇന്ത്യക്കായി അർഷദീപ് സിംഗ് മൂന്നും ആവേശ് ഖാൻ, അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്ത് ബൗളിംഗിൽ തിളങ്ങി. സ്കോർ ഇന്ത്യ 20 ഓവറിൽ 191-5, വെസ്റ്റ് ഇൻഡീസ് 19.1 ഓവറിൽ 132ന് ഓൾ ഔട്ട്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇതേ ഗ്രൗണ്ടിൽ നടക്കും.
ഇന്ത്യയുടെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ വിൻഡീസിനായി ബ്രാണ്ടൻ കിംഗും കെയ്ൽ മയേഴ്സും ഭുവനേശ്വർ കുമാറിൻറെ ആദ്യ ഓവറിൽ 14 റൺസടിച്ചാണ് തുടങ്ങിയത്. എന്നാൽ വിൻഡീസിൻറെ ആവേശം അവിടെ തീർന്നു. രണ്ടാം ഓവറിൽ ബ്രാണ്ടൻ കിംഗിനെ(8 പന്തിൽ 13) മടക്കി ആവേശ് തുടക്കമിട്ട വിക്കറ്റ് വേട്ട മറ്റ് ബൗളർമാരും ഏറ്റെടുത്തു. വൺ ഡൗണായി എത്തിയ ഡെവോൺ തോമസിനെ(1) തൻറെ രണ്ടാം ഓവറിൽ ആവേശ് തന്നെ മടക്കി.
പിടിച്ചു നിൽക്കാൻ ശ്രമിച്ച കെയ്ൽ മയേഴ്സിനെ(16) അക്സർ പട്ടേൽ വീഴ്ത്തുകയും തകർത്തടിച്ച് പേടിപ്പിച്ച ക്യാപ്റ്റൻ നിക്കോളാസ് പുരാനെ(8 പന്തിൽ 24) സഞ്ജു സാംസണിൻറെ ത്രോയിൽ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയും ചെയ്തതോടെ വിൻഡീസിൻറെ നടുവൊടിഞ്ഞു. എന്നിട്ടും റൊവ്മാൻ പവലിലൂടെ(16 പന്തിൽ 24)യും ഷിമ്രോൺ ഹെറ്റ്മെയറിലൂടെയും(19) തല ഉയർത്താൻ ശ്രമിച്ച വിൻഡീസിനെ അക്സറും രവി ബിഷ്ണോയിയും ചേർന്ന് എറിഞ്ഞൊതുക്കി.
വാലറ്റക്കാരെ യോർക്കറുകൾ കൊണ്ട് ശ്വാസം മുട്ടിച്ച അർഷദീപ് ജേസൺ ഹോൾഡറെയും(13), ഡൊമനിക് ഡ്രേക്ക്സിനെയും(5) ഒബേഡ് മക്കോയിയെയും(2)വീഴ്ത്തി വിൻഡീസിൻറെ തോൽവി പൂർത്തിയാക്കി. ഇന്ത്യക്കായി അർഷദീപ് മൂന്നോവറിൽ 12 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആവേശ് ഖാൻ നാലോവറിൽ 17 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി. നിക്കോളാസ് പുരാൻ മൂന്ന് സിക്സിന് പറത്തിയെങ്കിലും അക്സർ നാലോവറിൽ 48 റൺസിന് രണ്ട് വിക്കറ്റും രവി ബിഷ്ണോയ് നാലോവറിൽ 27 റൺസിന് രണ്ട് വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. 31 പന്തിൽ 44 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ(33), മലയാളി താരം സഞ്ജു സാംസൺ 23 പന്തിൽ പുറത്താകാതെ 30, സൂര്യകുമാർ യാദവ്(24), അക്സർ പട്ടേൽ 8 പന്തിൽ പുറത്താകാതെ 20 എന്നിവരും ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങി. വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.