നാഗ്‌പൂർ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം തടസപ്പെട്ടപ്പോൾ നിരാശരായത് ആരാധകരായിരുന്നു. മൊഹാലിയിലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടുന്നത് കാണാൻ ഗ്രൗണ്ടിലെത്തിയ പതിനായിരങ്ങളും ടെലിവിഷനിലൂടെ മത്സരം കാണാനിരുന്ന ലക്ഷക്കണക്കിന് ആരാധകരും മഴയുടെ കളിയിൽ ഒരുപോലെ നിരാശരായി. മത്സര സമയത്ത് മഴ മാറി നിന്നെങ്കിലും ഉച്ചവരെ പെയ്ത മഴയിൽ ഗ്രൗണ്ടിലെ ഔട്ട് ഫീൽഡ് നനഞ്ഞു കുതിർന്നതായിരുന്നു മത്സരം തുടങ്ങാൻ വൈകിയതിന് കാരണം.
നനഞ്ഞ ഔട്ട് ഫീൽഡിൽ കളി നടത്തുന്നത് കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂട്ടുമെന്നതിനാൽ അമ്പയർമാർ ഗ്രൗണ്ട് പൂർണസജ്ജമായശേഷമെ മത്സരം ആരംഭിച്ചുള്ളു. ഇതോടെ മത്സരം എട്ടോവർ വീതമാക്കി ചുരുക്കേണ്ടിവന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരം ആരംഭിച്ചത് 9.30നായിരുന്നു. ഗ്രൗണ്ട് മത്സരസജ്ജമാക്കാൻ ഗ്രൗണ്ട് സ്റ്റാഫ് നടത്തിയ അക്ഷീണ പരിശ്രമമാണ് എട്ടോവർ മത്സരമെങ്കിലും സാധ്യമാക്കിയത്. മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫിൻറെ പ്രയത്നത്തെ നായകൻ രോഹിത് ശർമ അഭിനന്ദിച്ചപ്പോൾ കോച്ച് രാഹുൽ ദ്രാവിഡ് അവരെ നേരിൽക്കണ്ട് അഭിനന്ദിച്ചു.
എന്നാൽ മത്സരം തുടങ്ങും മുമ്പ് ഔട്ട് ഫീൽഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് ഹെയർ ഡ്രെയർ മുതൽ ഇസ്തിരിപ്പെട്ടിവരെ ഉപയോഗിച്ചത് ആരാധരിൽ കൗതുകമുണർത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നായിട്ടും ഗ്രൗണ്ട് ഉണക്കാനുള്ള സജ്ജീകരണങ്ങളോരുക്കാനോ ഉപകരണങ്ങൾ നൽകാനോ കഴിയാത്ത ബിസിസിഐയെ ആരാധകർ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇത്രയേറെ പണമുണ്ടായിട്ടും ഗ്രൗണ്ടിൽ ശരിയായ ഡ്രെയിനേജ് സൗകര്യം ഒരുക്കാൻ കഴിയാത്തതിൽ ബിസിസിഐക്ക് നാണക്കേടില്ലെ എന്നായിരുന്നു ആരാധകരുടെ ചോദ്യം.