ഉയിർത്തെഴുന്നേൽക്കാൻ ഉറച്ച് സിംബാബ്വെ

Advertisement

പെർത്ത്: ഒരു കാലത്ത് ലോകക്രിക്കറ്റിൽ സ്വന്തം പേര് സുവർണലിപികളിൽ കൊത്തി വച്ച ടീമായിരുന്നു സിംബാബ്വെ. എന്നാൽ കാലക്രമേണ ഇവർക്ക് ആ പേരും പെരുമയും നഷ്ടമായി.

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സിംബാബ്‌വെയിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ആർക്കും. എന്നാൽ അയർലന്റിനേയും സ്‌കോട്ടലൻഡിനേയും തോൽപ്പിച്ച് സൂപ്പർ 12ലേക്ക്. അവിടെയും തീർന്നില്ല. പാകിസ്ഥാനെതിരെ അട്ടിമറി ജയം. ബംഗ്ലാദേശിനെതിരെ തലനാരിഴയ്ക്കാണ് വിജയം നഷ്ടമായത്. തകർന്നടിഞ്ഞ സിംബാബ്‌വേ ടീമിന്റെ തിരിച്ചുവരവാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്.

”ഞങ്ങൾക്ക് സ്‌പോൺസർമാരെ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ. അങ്ങനെയെങ്കിൽ എല്ലാ മത്സരങ്ങൾക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു.” സിംബാബ്‌വൻ ബാറ്റർ റയാൻ ബേൾ ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ഒരുകാലത്ത് പ്രതാപികളായ സിംബാബ്‌വൻ ക്രിക്കറ്റിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ ട്വീറ്റ്. അവിടെ നിന്ന് ടി20 ലോകകപ്പിൽ വമ്പന്മാരായ പാകിസ്ഥാനെ അട്ടമറിക്കാൻ അവർക്ക് സാധിച്ചു.

സിംബാബ്‌വെയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. അത്ഭുതങ്ങൾ ഇനിയും പ്രതീക്ഷിക്കാം. നെതർലൻഡ്‌സിനേയും ഇന്ത്യയേയുമാണ് അവർക്ക് ഇനി നേരിടാനുളളത്. ബുധനാഴ്ച നെതർലൻഡ്‌സിനെ നേരിടും. ഗ്രൂപ്പിൽ രണ്ടിൽ നിലവിൽ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ മൂന്ന് പോയിന്റാണ് അവർക്കുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം മഴ തടസപ്പെട്ടതിനെ തുർന്ന് പോയിന്റ് പങ്കിടേണ്ടിവന്നു. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ അട്ടിമറിച്ചു.

മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനോട് തോൽക്കുകയായിരുന്നു. ജയിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്തെത്താമായിരുന്നു സിംബാബ്‌വെയ്ക്ക്. താരതമ്യേന ദുർബലരായ നെതർലൻഡ്‌സിനെ തോൽപ്പിക്കാനാവുമെന്നുള്ള ആത്മവിശ്വാസവും സിംബാബ്‌വെയ്ക്കുണ്ട്. അവസാന മത്സരത്തിൽ ഇന്ത്യയോടെ തോറ്റാൽ പോലും തങ്ങളുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് സിംബാബ്‌വെ മടങ്ങുന്നത്. ഫ്‌ളവർ സഹോദരന്മാരും ഹീത്ത് സ്ട്രീക്കും ഹെന്റി ഒലോങ്കയുമെല്ലാം ത്രസിപ്പിച്ച പോലെ സിംബാബ്‌യുടെ പുത്തൻ നിരയും ഒരുപിടി മികച്ച പ്രകടനങ്ങൾ തരുമെന്ന ഉറപ്പ് അവർ നൽകുന്നുണ്ട്.

Advertisement