സെഞ്ചറിയുമായി കാര്യവട്ടത്ത് ‘ഗില്ലാഡി’, ഫിഫ്റ്റിയുമായി കോലിയുടെ കൂട്ട്; ഇന്ത്യ 200 കടന്നു

Advertisement

തിരുവനന്തപുരം: ഏകദിന കരിയറിലെ രണ്ടാം സെഞ്ചറിയുമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മിന്നിത്തിളങ്ങി യുവ ഓപ്പണർ ശുഭ്മൻ ഗിൽ. യുവതാരത്തിന് ഉറച്ച പിന്തുണയുമായി കൂട്ടുനിന്ന് ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോലിയും… മൂവർ സംഘം കൂട്ടത്തോടെ തിളങ്ങിയതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 31 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലാണ്. ഗിൽ 100 റൺസോടെയും കോലി 50 റൺസോടെയും ക്രീസിലുണ്ട്.

രാജ്യാന്തര കരിയറിലെ 19–ാം ഏകദിനം കളിക്കുന്ന ഗിൽ 89 പന്തുകളിൽ നിന്നാണ് സെഞ്ചറിയിലെത്തിയത്. 11 ഫോറും രണ്ടു സിക്സും സഹിതമാണിത്. വിരാട് കോലി 48 പന്തിൽ അർധസെഞ്ചറിയും പൂർത്തിയാക്കി. അഞ്ച് ഫോറുകൾ സഹിതമാണ് കോലി അർധസെഞ്ചറിയിലെത്തിയത്. കാര്യവട്ടത്തെ ആദ്യ രാജ്യാന്തര സെഞ്ചറി കൂടിയാണ് ശുഭ്മൻ ഗിൽ സ്വന്തം പേരിലാക്കിയത്.
പിരിയാത്ത രണ്ടാം വിക്കറ്റിൽ കോലി – ഗിൽ സഖ്യം സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 94 പന്തിൽ ഇതുവരെ 107 റൺസാണ് ഇരുവരുടെയും സമ്പാദ്യം. 42 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. 49 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത് 42 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ഗിൽ – രോഹിത് സഖ്യം 95 റൺസ് കൂട്ടിച്ചേർത്തു. 92 പന്തിലാണ് ഇരുവരും 95 റൺസെടുത്തത്.

∙ ഇന്ത്യയ്ക്ക് ടോസ്, ബാറ്റിങ്

നേരത്തേ, ടോസ് നേടിയ ഇന്ത്യൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ രണ്ടു മാറ്റങ്ങളുണ്ട്. ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക് എന്നിവർക്കു പകരം സൂര്യകുമാർ യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്ക് അവസരം നൽകി. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

∙ ടീമുകൾ ഇങ്ങനെ

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

ശ്രീലങ്കൻ ടീം: ആവിഷ്ക ഫെർണാണ്ടോ, നുവാനിന്ദു ഫെർണാണ്ടോ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ആഷേൻ ഭണ്ഡാര, ചാരിത് അസലങ്ക, ദസൂൻ ഷനക (ക്യാപ്റ്റൻ), വാനിന്ദു ഹസരംഗ, ജെഫ്രി വാൻഡർസേ, ചാമിക കരുണരത്‌നെ, കസൂൻ രജിത, ലഹിരു കുമാര