സെമിക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; പൂജ പുറത്ത്, പനി പിടിച്ച് ഹർമൻ പ്രീത് കൗർ

Advertisement

കേപ്ടൗൺ: വനിത ട്വന്റി 20 ലോകകപ്പിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. അസുഖം കാരണം ആൾറൗണ്ടർ പൂജ വസ്ത്രകർ ടീമിൽനിന്ന് പുറത്തായി. ശ്വാസകോശ​ത്തിലെ അണുബാധയാണ് കാരണമെന്നാണ് സൂചന. രണ്ട് ദിവസമായി പനിയുള്ള ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ കളിക്കുന്ന കാര്യവും ഉറപ്പില്ല. അസുഖബാധിതരായിരുന്ന ഇരുവരും ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ബി.സി.സി.ഐ മെഡിക്കൽ സംഘത്തിന്റെ നിർദേശമനുസരിച്ചായിരിക്കും ഹർമൻപ്രീത് കൗറിന്റെ കാര്യത്തിൽ തീരുമാനമുണ്ടാവുക. നാല് മത്സരങ്ങളിൽ ആകെ 66 റൺസാണ് ക്യാപ്റ്റന് ഇതുവരെ നേടാനായത്. കൗർ കളിച്ചില്ലെങ്കിൽ ഹർലീൻ ഡിയോൾ ടീമിൽ ഇടം നേടിയേക്കും.

പൂജ വസ്ത്രകറിന് പകരം സ്നേഹ് റാണയോ അഞ്ജലി സർവാനിയോ ഇടംകൈയൻ സ്പിന്നർ രാധയോ ഇടം പിടിച്ചേക്കും. നാല് മത്സരങ്ങളിലായി 12.2 ഓവർ ബൗൾ ചെയ്ത പൂജ ഓവറിൽ ശരാശരി വഴങ്ങിയത് 7.21 റൺസാണ്. രണ്ട് വിക്കറ്റും വീഴ്ത്തി. ഒക്ടോബർ മുതൽ കാൽമുട്ടിലെ പരിക്ക് താരത്തെ അലട്ടുന്നുണ്ട്.

നിലവിലെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ആസ്‌ട്രേലിയ മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യയെ തോല്‍പിച്ചാണ് അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഇതുവരെ നടന്ന എട്ട് ലോകകപ്പുകളിൽ അഞ്ചിലും ജേതാക്കളായത് അവരായിരുന്നു. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസീസിന് മുന്നില്‍ ഇന്ത്യ വീണു. ഒടുവില്‍ ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയും 4-1ന് അവർ സ്വന്തമാക്കി. ഗ്രൂപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ആസ്ട്രേലിയ സെമിക്കൊരുങ്ങുന്നത്. നാല് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോട് തോറ്റ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു ഇന്ത്യ. വ്യാഴാഴ്ച വൈകീട്ട് 6.30ന് കേപ്ടൗണിലാണ് സെമി പോരാട്ടം.