മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ചു തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഓസ്ട്രേലിയൻ ആരാധകർ ജസ്പ്രീത് ബുമ്രയെയും അപമാനിച്ചതോടെ വേണമെങ്കിൽ മത്സരം നിർത്തിവച്ച് ഇന്ത്യൻ താരങ്ങൾക്കു മടങ്ങാമെന്ന് അംപയർമാർ നിർദേശിച്ചതായി സിറാജ് വെളിപ്പെടുത്തി. 2020–21ലെ ടെസ്റ്റ് പരമ്പരയ്ക്കിടെ ഓസ്ട്രേലിയയിലെ ആരാധകരിൽനിന്നു വംശീയ അധിക്ഷേപം നേരിട്ടതായി ഇന്ത്യൻ ക്രിക്കറ്റ് ടീം, മാച്ച് റഫറിക്കു പരാതി നൽകിയിരുന്നു.
‘‘ആദ്യ ദിവസം അവർ എന്നെ കറുത്ത കുരങ്ങനെന്നു വിളിച്ചപ്പോൾ ഞാൻ കാര്യമാക്കിയില്ല. മദ്യപിച്ചാണ് അവർ അതു ചെയ്തതെന്നാണു കരുതിയത്. എന്നാൽ രണ്ടാം ദിവസവും അതു തുടര്‍ന്നതോടെ അംപയർമാരോട് വംശീയ അധിക്ഷേപത്തെക്കുറിച്ചു പരാതിപ്പെടാൻ തീരുമാനിച്ചു. അജിൻക്യ രഹാനെയോടു പറഞ്ഞപ്പോള്‍ അദ്ദേഹം അംപയർമാരോടു പരാതിപ്പെട്ടു.’’– മുഹമ്മദ് സിറാജ് ആർസിബിയുടെ പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.
‘‘പ്രശ്നം പരിഹരിക്കുന്നതു വരെ നിങ്ങൾക്കു ഗ്രൗണ്ട് വിടാമെന്ന് അംപയർമാർ ഞങ്ങളോടു നിർദേശിച്ചിരുന്നു. എന്തിനാണ് ഗ്രൗണ്ട് വിട്ടുപോകുന്നതെന്നും അധിക്ഷേപിച്ചവരെ പുറത്താക്കണമെന്നും അജിൻക്യ രഹാനെ പറഞ്ഞു.’’– സിറാജ് വ്യക്തമാക്കി. ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം ഉണ്ടായതിനെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് താരങ്ങളോടു മാപ്പു പറഞ്ഞിരുന്നു. ഇന്ത്യൻ താരങ്ങളെ അപമാനിച്ച ആറ് ഓസ്ട്രേലിയൻ ആരാധകരെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.