ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ കൊല്‍ക്കത്ത നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. അവസാന ഓവറില്‍ ആകാംഷയും ആവേശവും നിറച്ച മത്സരത്തില്‍ അവസാന അഞ്ച് പന്തുകള്‍ സിക്‌സര്‍ പായിച്ച് റിങ്കു സിങ് വിജയം പിടിച്ചുവാങ്ങുകയായിരുന്നു. യാഷ് ദയാലിന്റെ ഓവറിലായിരുന്നു റിങ്കു കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
അഞ്ച് സിക്സുകള്‍ വഴങ്ങിയ ശേഷം താരം നിരാശനായി ഗ്രൗണ്ടിലിരുന്നു. എന്നാല്‍ എതിര്‍താരമായിരുന്നിട്ടും ദയാലിനെ ആശ്വസിപ്പിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൃദ്യമായ ഒരു കുറിപ്പിലൂടെയാണ് എതിര്‍ ടീമിലെ താരത്തെ കൊല്‍ക്കത്ത ആശ്വസിപ്പിക്കുന്നതും തിരിച്ചു വരാന്‍ പ്രചോദിപ്പിക്കുന്നതും. പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.
”നിങ്ങളുടെ മോശം ദിവസമാണെന്ന് കരുതിയാല്‍ മതി. തല കുനിക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് പോലും സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ജേതാവാണ്. ശക്തമായി തിരിച്ചുവരാന്‍ കഴിയും.” ദയാലിന്റെ ഫോട്ടോയ്ക്കൊപ്പം കൊല്‍ക്കത്ത കുറിച്ചിട്ടു.
അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്‌ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്‌സ് പറത്തി കളി വരുതിയിലാക്കി വിജയം സ്വന്തമാക്കി. 21 പന്തില്‍ ആറ് സിക്‌സറും ഒരു ഫോറും നേടി റിങ്കു സിങ് പുറത്താകാതെ നിന്നു.