അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന് സൂചന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനായ മഹേന്ദ്ര സിങ് ധോനി കരിയറിന്റെ അവസാന ഘട്ടത്തിലാണ് താനെന്ന് പറയുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഹോം പോരാട്ടം വിജയിച്ച ശേഷമായിരുന്നു ധോണിയുടെ പ്രതികരണം.
‘ഞാന്‍ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് ടീം സ്വന്തം ഗ്രൗണ്ടില്‍ വിജയിക്കുന്നത് കാണാന്‍ കഴിഞ്ഞു. ടീമിന്റെ വിജയം അവരെ ആനന്ദിപ്പിക്കുന്നു. ആരാധകര്‍ ടീമിന് സ്നേഹവും വാത്സല്യവും നല്കുന്നു.’
‘ബാറ്റിങിന് അവസരം ലഭിച്ചില്ല എന്നത് എന്നെ സംബന്ധിച്ച് വലിയ വിഷയമൊന്നുമല്ല. മഞ്ഞു വീഴ്ചയുണ്ടാകുമോ എന്ന സംശയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതാണ് നല്ലത്.’ ‘സ്പിന്നര്‍മാര്‍ മികച്ച ലെങ്തില്‍ പന്തെറിഞ്ഞു. പേസര്‍മാരില്‍ മതീഷ പതിരന ഉജ്ജ്വലമായി ബൗള്‍ ചെയ്തു’- ധോണി വ്യക്തമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് വിജയം സ്വന്തമാക്കിയത്.