ഗാലറികളില്‍ ഇപ്പോഴും മുഴങ്ങുന്നു….. സച്ചിന്‍ … സച്ചിന്‍…;ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാംപിറന്നാള്‍…..

Advertisement

സച്ചിന്‍ … സച്ചിന്‍ … എന്ന വിളികളാല്‍ ഗാലറികള്‍ പ്രകമ്പനം കൊണ്ട നാളുകള്‍ ഇന്നും ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഓര്‍മ്മകളെ ഹരം കൊള്ളിക്കും. ഇന്ത്യന്‍ തെരുവോരങ്ങളില്‍ ക്രിക്കറ്റ് ജ്വരം പടര്‍ത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന അഞ്ച് അടി അഞ്ച് ഇഞ്ചുകാരന്‍ ഇന്ന് 50-ാം പിറന്നാളിന്റെ നിറവിലാണ്. ഇന്ത്യയിലെ ശതകോടി ആരാധകരാണ് സച്ചിന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരം. ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിനെ ആരാധകര്‍ വാഴ്ത്തുന്നത്.
24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതം 2013 നവംബര്‍ 16 ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരാമമിട്ടു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റു വെച്ചൊഴിഞ്ഞിട്ട് ഇത് 10 -ാം വര്‍ഷം. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്.
മഹാരാഷ്ട്രയിലെ മുംബൈയില്‍ 1973 ഏപ്രില്‍ 24നായിരുന്നു സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറുടെ ജനനം. മുംബൈയിലെ ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ രമാകാന്ത് അചരേക്കറില്‍ നിന്ന് കുഞ്ഞു സച്ചിന്‍ പഠിച്ചെടുത്തത്. പിന്നീട് സംഭവിച്ചതെല്ലാം ലോക ക്രിക്കറ്റിന്റെ ചരിത്രത്തിനോടൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടു. 1989 നവംബര്‍ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റത്തില്‍ 15 റണ്‍സുമായി ആ പതിനാറുകാരന്‍ മടങ്ങി. ഇതേ വര്‍ഷം തന്നെ ഡിസംബര്‍ 18ന് ഏകദിനത്തിലും സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഏകദിന അരങ്ങേറ്റത്തില്‍ പൂജ്യത്തില്‍ പുറത്താവാനായിരുന്നു വിധി. രാജ്യാന്തര ടി20 അരങ്ങേറ്റം 2006 ഡിസംബര്‍ ഒന്നിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. ഈ മത്സരം സച്ചിന്റെ അവസാന രാജ്യാന്തര ടി20യുമായി.
രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സും എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകളുമാണ് സച്ചിന്റെ ക്രിക്കറ്റ് സമ്പാദ്യം. സെഞ്ചുറികളില്‍ സെഞ്ചുറി തീര്‍ത്ത ഏക ക്രിക്കറ്ററായി ഇന്നും സച്ചിന്‍ തുടരുന്നു. 2012 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ നൂറാം സെഞ്ചുറി. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം ഉള്‍പ്പടെയാണ് സച്ചിന്‍ സെഞ്ചുറികളില്‍ 100 പൂര്‍ത്തിയാക്കിയത്.

Advertisement