ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസും ആര്‍സിബിയും തമ്മിലുള്ള പോരാട്ടത്തിന് ശേഷം വിരാട് കോഹ്ലിയും ഗൗതം ഗംഭീറും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. 127 എന്ന കുറഞ്ഞ സ്‌കോറിനിടെ, ആര്‍സിബി ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും കോഹ്ലിയുടെ ആക്രമണോത്സുകമായ ആഘോഷം ഗംഭീറിനെ പ്രകോപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാവാം തര്‍ക്കത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പെരുമാറ്റച്ചട്ട ലംഘിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കും വന്‍പിഴ ചുമത്തി. മത്സരത്തില്‍ ആര്‍സിബി 18 റണ്‍സിന് വിജയിച്ചു.
ഈ സീസണില്‍ ഇരുവരും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. അന്ന് ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു.
പിന്നീട് ഇന്നലെ മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. കോഹ്ലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. പിന്നീട് അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതുകാണാം. മറ്റുതാരങ്ങളും ഇരുവരേയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.