ഇത്തവണ പാകിസ്താന്‍ വേദിയാകാനിരിക്കുന്ന ഏഷ്യാ കപ്പ് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ വേരെ ഏതെങ്കിലും രാജ്യത്തുവച്ച് നടത്താമെന്ന പിസിബിയുടെ തീരുമാനത്തോട് ബിസിസിഐക്ക് യോജിപ്പില്ലാത്തതിനെ തുടര്‍ന്നാണ് ഏഷ്യാ കപ്പ് റദ്ദാക്കാനുള്ള ആലോചനകള്‍ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഇക്കൊല്ലം സെപ്തംബറിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.
ഇന്ത്യയുടെ മത്സരങ്ങള്‍ പുറത്തുവച്ച് നടത്തുന്ന ഹൈബ്രിഡ് മോഡലില്‍ ഏഷ്യാ കപ്പ് നടത്താം എന്നതിലുറച്ചു നില്‍ക്കുകയാണ് പിസിബി. പൂര്‍ണമായി വേദി മാറ്റുന്നതിനോട് പിസിബിയ്ക്ക് യോജിപ്പില്ല. ഇത് 2025 ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ടും പിസിബിയ്ക്ക് തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്. 2025ല്‍ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയര്‍. ഇതിനിടെ, അഞ്ച് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരു ടൂര്‍ണമെന്റിന് ബിസിസിഐ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. ഏഷ്യാ കപ്പ് നടക്കേണ്ട അതേ സമയത്താവും ഈ ടൂര്‍ണമെന്റ് നടക്കുക. ഇത്തരത്തില്‍ ഒരു പുതിയ ടൂര്‍ണമെന്റ് ആരംഭിച്ച് ഏഷ്യാ കപ്പ് നിര്‍ത്തലാക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം എന്നാണ് സൂചന.