ഐപിഎല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ കാലിനു പരുക്കേറ്റ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന് ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കവര്‍ ഡ്രൈവ് ബൗണ്ടറി ലൈനില്‍ തടുക്കാന്‍ ശ്രമിക്കുമ്പോഴാണ് രാഹുലിനു പരുക്കേറ്റത്. വലതു തുടയ്ക്കാണു പരുക്ക്. രാഹുലിന്റെ പരുക്ക് ഗുരുതരമാണെന്നും മുംബൈയില്‍ ബിസിസിഐ മെഡിക്കല്‍ സംഘം താരത്തെ സ്‌കാനിങ്ങിനു വിധേയനാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ നടക്കാനിരിക്കെ, പരുക്ക് ഭേദമായാലും രാഹുല്‍ ഐപിഎലില്‍ തുടര്‍ന്ന് കളിക്കില്ലെന്നാണ് ബിസിസിഐ നല്‍കുന്ന സൂചന. ബോളര്‍ ജയദേവ് ഉനദ്കട്ടും പരിക്കേറ്റതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായിരിക്കുകയാണ്.