ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കും. ബിസിസിഐ പുറത്തിറക്കിയ ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും സ്ഥാനം പിടിച്ചിട്ടുള്ളത്. ഐപിഎല്ലിനു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
അഹമ്മദാബാദ്, നാഗ്പുര്‍, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ലക്‌നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ഇന്‍ഡോര്‍, ധരംശാല, ചെന്നൈ എന്നീ വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. പരിശീലന മത്സരങ്ങള്‍ ഉള്‍പ്പടെ ഇവിടെയായിരിക്കും നടത്തുക. ഇവയില്‍ ഏഴു വേദികളില്‍ മാത്രമായിരിക്കും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ ഉണ്ടാകുക. ഇന്ത്യന്‍ ടീം ഫൈനലിലെത്തിയാല്‍ അഹമ്മദാബാദില്‍ ഇന്ത്യയുടെ ഒന്നില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉണ്ടാകും.
ലോകകപ്പിലെ ‘ക്ലാസിക്’ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാവും വേദിയാവുക. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാന്‍ ടീമിന്റെ മിക്ക മത്സരങ്ങളും ചെന്നൈയിലും ബംഗളുരുവിലുമായി കളിച്ചേക്കുമെന്നാണ് വിവരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സും വേദിയായി പരിഗണിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റുമായി കൂടിയാലോച്ചിച്ച ശേഷമാണ് മത്സരക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുക.