ഫൈനലിലേക്ക് ആര്..? മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് നേര്‍ക്കുനേര്‍

Advertisement

ഐപിഎല്ലില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് കൊമ്പുകോര്‍ക്കും. ക്വാളിഫയര്‍ -1 ല്‍ ഗുജറാത്തിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലിലേക്ക് കയറിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ചെന്നൈയ്ക്ക് എതിരാളികള്‍ ആരെന്നാണ്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് കണ്ണുവയ്ക്കുന്ന ഗുജറാത്തും ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈയും ഇറങ്ങുമ്പോള്‍ മികച്ച ബൗളിങ്, ബാറ്റിങ് നിരകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാകും നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് 15 റണ്‍സ്് തോല്‍വിയില്‍ നിന്ന് ഗുജറാത്ത് ക്വാളിഫയര്‍ രണ്ടിലേക്ക് വീണത്. അതേസമയം എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ 81 റണ്‍സിന്റെ വമ്പന്‍ ജയത്തിന്റെ പിന്‍ബലത്തിലാണ് മുംബൈയും കളത്തിലിറങ്ങുന്നത്. ദുര്‍ബലമെന്ന് വിധിയെഴുതിയ മുംബൈ ബൗളിങ്ങിന്റെ അപ്രതീക്ഷിത തിരിച്ചുവരവ് ഗുജറാത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. പോയിന്റ് ടേബിളിന്‍ താഴെത്തട്ടില്‍ നിന്നും അവിശ്വസനീയ മുന്നേറ്റം കാഴ്ച വച്ചാണ് മുംബൈ പ്ലേ ഓഫില്‍ എത്തിയത്. പ്ലേ ഓഫ് മത്സരങ്ങളില്‍ മുംബൈ എക്കാലവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് എന്നുള്ളതാണ് ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും സംഘത്തിനും തലവേദനയാകുന്നത്.
യുവതാരങ്ങളായ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ മികച്ച ഫോമിലാണ്. ഇഷാന്‍ കിഷാന്‍, ടിം ഡേവിഡ് എന്നിവര്‍ സ്ഥിരത പുലര്‍ത്താത്തതും നായകന്‍ രോഹിത് ശര്‍മ ഫോമിലേക്കെത്താത്തതുമാണ് മുംബൈയ്ക്ക് തിരിച്ചടിയാകുന്നത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ആദ്യ ഘട്ടങ്ങളില്‍ മുംബൈയെ കാര്യമായി ബാധിച്ചിരുന്നു. ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, പീയുഷ് ചൗള എന്നിവരുടെ മികച്ച പ്രകടനത്തിലൂടെയാണ് ആ വിടവ് മറച്ചത്. ഇപ്പോള്‍ യുവതാരം ആകാശ് മധ്വാള്‍ കൂടി ഫോമിലേക്കെത്തിയത് ബൗളിങ് നിരയുടെ കരുത്ത് കൂട്ടുന്നു.
മറുവശത്ത് മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ, ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍, വെടിക്കെട്ട് ബാറ്റര്‍മാരായ ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ എന്നിവരടങ്ങിയ ബാറ്റിങ് നിര മുംബൈയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്പുള്ളവരാണ്. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന റാഷിദ്ഖാന്റെ പ്രകടനവും ഗുജറാത്തിന് നിര്‍ണായകമാണ്. പര്‍പ്പിള്‍ ക്യാപ്പിനായി പരസ്പരം മത്സരിക്കുന്ന ഇരുവരും ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ മുംബൈ കുറച്ച് പരിശ്രമിക്കേണ്ടി വരും.
ഇരുടീമുകളും മുന്‍പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ മേല്‍ക്കൈ മുംബൈയ്ക്കായിരുന്നു. ഇതുവരെ മൂന്ന് തവണയാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ട് തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു.

Advertisement