ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്റ്റന്‍ തമിം ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ക്യാപ്റ്റന്റെ അപ്രതീക്ഷിത പ്രഖ്യാപനം. മത്സരത്തില്‍ മഴയെ തുടര്‍ന്നു ഫലം പുനര്‍നിര്‍ണയിച്ചപ്പോള്‍ ജയം അഫ്ഗാനായിരുന്നു.
ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് വെറും മൂന്ന് മാസം മാത്രമുള്ളപ്പോഴാണ് തമീമിന്റെ ഞെട്ടിക്കുന്ന തീരുമാനം. അഫ്ഗാനെതിരായ തോല്‍വിക്ക് പിന്നാലെയാണ് തമിം തീരുമാനം പ്രഖ്യാപിച്ചത്. പത്രസമ്മേളനം വിളിച്ചായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.
താരം വികാരാധീനനായാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുകയാണെന്നം പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നും തമിം വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചു. ഏറെ നാളായി ഇതിനെക്കുറിച്ച് ചിന്തിക്കുന്നു. വിരമിക്കുന്നതിനെ വിവിധ കാരണങ്ങളുണ്ടെന്നും താരം വ്യക്തമാക്കി.
ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ ഒരാളാണ് ഓപ്പണര്‍ കൂടിയായ തമിം ഇഖ്ബാല്‍. 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 8313 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ടെസ്റ്റില്‍ 5000ത്തിനു മുകളിലാണ് റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു നേരത്തെ തന്നെ താരം വിരമിച്ചു. പത്ത് സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും ടെസ്റ്റില്‍ നേടി. ടി20 ഫോര്‍മാറ്റില്‍ 1758 റണ്‍സ് നേടി. ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ ശതകങ്ങളും ഇതിലുണ്ട്. ഇതോടെ ലോകകപ്പിന് ഇനി പുതിയ ക്യാപ്റ്റനായിരിക്കും ബംഗ്ലാദേശിനെ നയിക്കുക.