ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ആവര്‍ത്തിച്ച് ബിസിസിഐ

Advertisement

മുംബൈ: അടുത്ത മാസം അവസാനം തുടങ്ങേണ്ട ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംബന്ധിച്ച് ബിസിസിഐയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തി. നേരത്തെ നിശ്ചയിച്ചപ്രകാരം ഹൈബ്രിഡ് മോഡലില്‍ തന്നെയാകും ടൂര്‍ണമെന്‍റ് നടക്കുക. നാലു മത്സരങ്ങള്‍ പാക്കിസ്ഥാനിലും ശേഷിക്കുന്ന മത്സരങ്ങള്‍ ശ്രീലങ്കയിലുമാകും നടക്കും. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവും ശ്രീലങ്കയിലാണ് നടക്കുക.

നാളെ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായി ബിസിസിഐ സെക്രട്ടറി ജയ് ഷായും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി സാക്ക അഷ്റഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ തന്നെ മുന്നോട്ടു പോവാന്‍ ധാരണയായത്. ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ലോകകപ്പില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിലപാട് മാറ്റിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിന് പുറമെ പാക് സര്‍ക്കാരിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ സമ്മതിച്ചതായി ചില പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത്തരമൊരു തീരുമാനം ഇല്ലെന്നും ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറ‌ഞ്ഞു. സാക്ക അഷ്റഫുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ചയില്‍ ഏഷ്യാ കപ്പ് ഷെഡ്യൂള്‍ മാത്രമാണ് തീരുമാനമായതെന്നും ധുമാല്‍ വ്യക്തമാക്കി.

ഇരു ബോര്‍ഡുകളും അംഗീകരിച്ച മത്സരക്രമം അനുസരിച്ച് ലീഗ് ഘട്ടത്തില്‍ നാലു മത്സരങ്ങളാകും പാക്കിസ്ഥാനില്‍ കളിക്കുക. ഇതില്‍ നേപ്പാളുമായുള്ള മത്സരം മാത്രമാണ് പാക്കിസ്ഥാന് നാട്ടിലുള്ളത്. അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ്, ബംഗ്ലാദേശ്-ശ്രീലങ്ക, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരങ്ങളും പാക്കിസ്ഥാനിലായിരിക്കും നടക്കുക. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17വരെയാണ് ഏഷ്യാ കപ്പ്. ഏഷ്യാ കപ്പിന്‍റെ ഔദ്യോഗിക മത്സരക്രമം ഈ വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് കരുതുന്നത്.

Advertisement