അഞ്ച് മത്സരങ്ങളടങ്ങിയ വെസ്റ്റ് ഇന്‍ഡീഡ്-ഇന്ത്യ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം. പ്രധാന താരങ്ങളില്ലാതെ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
ഇന്ത്യന്‍ നിരയില്‍ തിലക് വര്‍മ അരങ്ങേറിയേക്കുമെന്നാണ് സൂചന. തിലക് കളിക്കുമെങ്കില്‍ സഞ്ജുവിന്റെ സ്ഥാനം പരുങ്ങലിലാവും. ഓപ്പണിംഗില്‍ ഇഷാന് കിഷന്, ശുഭ്മന്‍ ഗില്‍ സഖ്യം സ്ഥാനമുറപ്പിച്ചതിനാല്‍ യശസ്വി ജയ്സ്വാളിന് കാത്തിരിക്കേണ്ടിവരും. ഗില്‍ മൂന്നാം നമ്പറിലും യശസ്വി, കിഷനൊപ്പം ഓപ്പണിംഗില്‍ കളിക്കാനും സാധ്യതയുണ്ട്. തിലകും യശസ്വിയും കളിച്ചാല്‍ സഞ്ജു ഉറപ്പായും പുറത്തിരിക്കും. യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാളേ കളിക്കൂ. രവി ബിഷ്ണോയ്ക്ക് ആദ്യ മത്സരങ്ങളില്‍ അവസരം ലഭിക്കാനിടയില്ല. അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്, മുകേഷ് കുമാര്‍, ഉമ്രാന് മാലിക് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കും.