ട്രിനിഡാഡ്: ഇന്ത്യക്കെതിരെ ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരമ്പര വിജയത്തിലേക്ക് നയിക്കുന്നതില്‍ നിക്കോളാസ് പുരാന് നിര്‍ണായക പങ്കുണ്ടായിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളില്‍ 176 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. അതും 35.20 ശരാശരിയില്‍. 141.94 ആയിരുന്നു വിന്‍ഡീസ് താരത്തിന്റെ റണ്‍റേറ്റ്. പരമ്പരയിലെ താരവും പുരാനായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ താരമായ പുരാനെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും വേണ്ട വിധത്തില്‍ അറിയാം
പരമ്പര കഴിഞ്ഞിട്ടും താരമായിരിക്കുകയാണ് പുരാന്‍. പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍. ഇപ്പോള്‍ അദ്ദേഹം ഒരു വീഡിയോയില്‍ വന്നിട്ടിട്ടുണ്ട്. തന്റെ പേര് എങ്ങനെ ഉച്ഛരിക്കണമെന്ന് മലയാളി പഠിപ്പിക്കുകയാണ് അദ്ദേഹം. ലോക കേരളസഭയിലെ അംഗമായ സിബി ഗോപാലകൃഷണന്റെ ഒരു വീഡിയോയിലൂടെയാണ് പുരാന്‍ തന്റെ പേര് എങ്ങനെയാണ് ശരിയായി ഉച്ഛരിക്കേണ്ടതെന്ന് പറയുന്നത്.
പരമ്പരയിലെ താരത്തിനുള്ള പുരസ്‌കാരം മേടിക്കാന്‍ പുരാന്‍ എത്തിയിരുന്നില്ല. പകരം ഡാരന്‍ പവലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുരാന് പരിക്കേറ്റിരുന്നു. കുല്‍ദീപ് യാദവിന്റെ പന്തില്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബ്രണ്ടന്‍ കിംഗ് അടിച്ച ശക്തമായ സ്‌ട്രൈറ്റ് ഡ്രൈവ് നേരെക്കൊണ്ടത് പുരാന്റെ കൈത്തണ്ടയിലായിരുന്നു. ശക്തമായ അടിയായിരുന്നെങ്കിലും വേദന പുറത്ത് കാണിക്കാതെ കൈയൊന്ന് കുടഞ്ഞ് ബാറ്റിംഗ് തുടര്‍ന്ന പുരാനെ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞും പരിക്കേല്‍പ്പിച്ചു. അര്‍ഷ്ദീപിന്റെ പന്ത് വയറില്‍ കൊണ്ട പുരാന്‍ രണ്ട് പരിക്കുകളുടയെും ചിത്രങ്ങള്‍ എക്‌സിലൂടെ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ചു.