ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോര്‍ റൗണ്ടിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇന്ന് നടക്കും. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മഴ കാരണം മുടങ്ങിയാൽ റിസർവ് ദിനത്തിൽ കളി പൂർത്തിയാക്കാമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. സെപ്റ്റംബർ 11നാണു റിസര്‍വ് ദിനം. ഞായറാഴ്ച നിർത്തിയ ഇടത്തുനിന്ന് കളി വീണ്ടും തുടങ്ങാനാണു തീരുമാനം.
ഞായറാഴ്ച കൊളംബോയില്‍ മഴ പെയ്യുമെന്നാണു കാലാവസ്ഥാ പ്രവചനം. സൂപ്പര്‍ ഫോറിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മാത്രമാണ് റിസർവ് ദിനം ഉള്ളതെന്നതും ശ്രദ്ധേയമാണ്. ഈ ആഴ്ച മുഴുവൻ കൊളംബോയിൽ മഴ സാധ്യത ഉള്ളതിനാൽ ഏഷ്യാകപ്പ് പോരാട്ടങ്ങൾ ഹമ്പൻതോട്ടയിലേക്കു മാറ്റാൻ ആദ്യം ആലോചിച്ചിരുന്നു. ആതിഥേയരായ പാക്കിസ്ഥാനും ഇതിനെ പിന്തുണച്ചു. പിന്നീട് മത്സരങ്ങൾ കൊളംബോയിൽ തന്നെ നടത്തുമെന്ന നിലപാടിലായിരുന്നു ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഇരു ടീമുകളും പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.