ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ, ഇന്ത്യ പൊയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെഞ്ച്വറിക്ക് അരികില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ആണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തില്‍ ആറ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ രോഹിത് 86 റണ്‍സ് നേടി. ടീം സ്‌കോര്‍ 156-ല്‍ എത്തി നില്‍ക്കെയാണ് രോഹിത് പുറത്തായത്.
ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്സും മൂന്നു ഫോറും ചേര്‍ന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്സ്. കെ.എല്‍. രാഹുല്‍ 29 പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്ഥാനെതിരെ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.