ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടം….ഇംഗ്ലീഷ് ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി ശ്രീലങ്ക

Advertisement

ശ്രീലങ്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 156 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 45 റണ്‍സെന്ന നിലയില്‍ കരുത്തോടെ മുന്നേറുകയായിരുന്നു. എന്നാല്‍ പിന്നീട് ബോര്‍ഡില്‍ 40 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അവര്‍ക്ക് അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡോവിഡ് മാലന്‍, ജോ റൂട്ട്, ക്യാപ്റ്റന്‍ ജോസ് ബട്ലര്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്.
ആറാം വിക്കറ്റില്‍ ഒന്നിച്ച ബെന്‍ സ്റ്റോക്സ്-മൊയീന്‍ അലി സഖ്യം അല്‍പ്പ നേരം ക്രീസില്‍ നിന്നതിനാല്‍ സ്‌കോര്‍ 100 കടന്നു. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ചു നിന്ന സ്റ്റോക്സിന്റെ ചുറുത്തു നില്‍പ്പാണ് അവരെ തുണച്ചത്. അല്ലെങ്കില്‍ സ്ഥിതി ഇതിലും ദയനീയമായേനെ
അവസാന ഘട്ടത്തില്‍ ഡേവിഡ് വില്ലിയുടെ ഒരു സിക്സും ഫോറും സഹിതമുള്ള 14 റണ്‍സ് സ്‌കോര്‍ 150 കടത്തി. താരം പുറത്താകാതെ നിന്നു.
സ്റ്റോക്സ് 76 പന്തുകള്‍ നേരിട്ട് ആറ് ഫോറുകള്‍ സഹിതം 43 റണ്‍സെടുത്തു. മൊയീന്‍ അലി 15 റണ്‍സുമായി മടങ്ങി. ക്രിസ് വോക്സ് പൂജ്യത്തിലും പുറത്തായി. പിന്നീടെത്തിയ ആദില്‍ റഷീദ് രണ്ട് റണ്‍സും മാര്‍ക് വുഡ് ഒരു റണ്‍സുമെടുത്തു.
തുടക്കത്തില്‍ 25 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 28 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശിയ ഓപ്പണര്‍ ഡേവിഡ് മാലനെയാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. താരത്തെ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസാണ് മടക്കിയത്. പിന്നാലെ ക്രീസിലെത്തിയ ജോ റൂട്ട് റണ്ണൗട്ടായി. താരം വെറും മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്.
മികച്ച ബാറ്റിങുമായി മുന്നോട്ടു പോയ മറ്റൊരു ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റാണ് അവര്‍ മൂന്നാമതായി നഷ്ടമായത്. താരം 31 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 30 റണ്‍സെടുത്തു. കസുന്‍ രജിതയാണ് ബെയര്‍സ്റ്റോയുടെ വിക്കറ്റെടുത്തത്.
പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബടലര്‍ ഒരിക്കല്‍ കൂടി പരാജയമായി. താരം എട്ട് റണ്‍സില്‍ നില്‍ക്കെ ലഹിരു കുമാരയാണ് മടക്കിയത്. ലിയാം ലിവിങ്സ്റ്റനേയും കുമാര തന്നെ മടക്കി. താരം ഒരു റണ്‍ മാത്രമാണ് നേടിയത്. ശ്രീലങ്കക്കായി ലഹിരു കുമാര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ്, കസുന്‍ രജിത എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് സ്വന്തമാക്കി.

Advertisement