ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം; ക്രീസിലെത്തും മുന്‍പ് ഔട്ടായി ആഞ്ചലോ മാത്യൂസ്

Advertisement

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ക്രീസിലെത്തും മുന്‍പ് ഔട്ടാകുന്ന ബാറ്ററായി ആഞ്ചലോ മാത്യൂസ്. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂര്‍വ രംഗങ്ങള്‍ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസ് മത്സരത്തിനിടെ ടൈംഡ് ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തു.
25-ാമത്തെ ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാല്‍ ഹെല്‍മറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താന്‍ വൈകി.
പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീല്‍ നല്‍കി. അമ്പയര്‍ അനുവദിക്കുകയും ചെയ്തു. പിന്നീട് മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന്‍ ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ ഒരു അധ്വാനവും ഇല്ലാതെ ബംഗ്ലാദേശിന് ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റും കിട്ടി.
ഒരു ബാറ്റര്‍ പുറത്തായാല്‍ അടുത്ത താരത്തിനു ഡഗൗട്ടില്‍ നിന്നും ക്രീസിലെത്തി തയ്യാറെടുക്കാന്‍ മൂന്ന് മിനിറ്റുകളാണ് നിയമം അനുസരിച്ച് ഉള്ളത്. ഈ സമയത്തിനുള്ളില്‍ താരത്തിനു ക്രീസിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എതിര്‍ ടീമിനു ടൈംഡ് ഔട്ട് വിളിക്കാം. ഈ നിയമമാണ് നിര്‍ണായക ഘട്ടത്തില്‍ ബംഗ്ലാദേശ് പ്രയോഗിച്ചത്. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് താരമായി ആഞ്ചലോ മാത്യൂസ് മാറുകയും ചെയ്തു.

Advertisement