ഏകദിന ലോകകപ്പിലെ സെമിപോരാട്ടത്തിന് ഇന്ത്യ ബുധനാഴ്ച ന്യൂസിലന്റിനെതിരെ ഇറങ്ങുമ്പോള്‍ ഏറെ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തില്‍ കിവീസ് വീണ്ടും എത്തുമ്പോള്‍ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യന്‍ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2019 ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലന്‍ഡായിരുന്നു. ഇത്തവണ 2019-ന്റെ ആവര്‍ത്തനമാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഒരോ ഇന്ത്യന്‍ ആരാധകനും. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ വിജയത്തില്‍ മുന്‍തൂക്കം കിവീസിനൊപ്പമാണ്. 10 മത്സരങ്ങളില്‍ അഞ്ചു ജയങ്ങള്‍ ന്യൂസിലന്‍ഡ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് നാലു കളികളിലാണ്.
2003-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരെ വിജയം നേടാന്‍ ഇന്ത്യയ്ക്ക് 2023വരെ കാത്തിരിക്കേണ്ടി വന്നു. 2021-ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് തടയിട്ടതും കിവീസായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. 2021-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നില്‍ തോല്‍വിയുടെ രുചിയറിഞ്ഞു.
ദ്വിരാഷ്ട്ര പരമ്പരകളില്‍ ഇന്ത്യ പലവട്ടം ന്യൂസിലന്‍ഡിനെതിരെ വിജയം നേടിയിട്ടുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കിവീസിന് മുന്നില്‍ കാലിടറുന്ന പതിവ് ഈ ലോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ രോഹിതിന്റെ നേതൃത്വത്തില്‍ ബ്രേക്ക് ചെയ്‌തെങ്കിലും നോക്കൗട്ടില്‍ കിവീസ് കല്ലുകടിയാകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.